കൊച്ചി: കേരളത്തിലെ ആദ്യ ഹൈപ്പർ ലോക്കൽ ഡെലിവറി കമ്പനിയായ ‘എറൻഡോ’യുടെ സേവനങ്ങൾക്ക് ഇനി വാട്സ്ആപ്പിലൂടെ ഓർഡർ ചെയ്യാം. ഭക്ഷണം, പലചരക്ക്, മരുന്ന്, മീൻ, ഇറച്ചി ഉത്പന്നങ്ങൾ, പിക്ക് ആന്റ് ഡ്രോപ് തുടങ്ങി എറൻഡോയുടെ എല്ലാ സേവനങ്ങളും വാട്സ്ആപ്പിലൂടെ ലഭ്യമാണ്.വാട്സ്ആപ്പ് ബിസിനസിന്റെ ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസിലൂടെ (എപിഐ) ഡെലിവറി ഓർഡറുകൾ സ്വീകരിക്കുന്ന ലോകത്തിലെ തന്നെ ആദ്യ കമ്പനിയാണ് എറൻഡോ.
വാട്സ്ആപ്പ് നമ്പറായ 7994834834 എന്ന നമ്പറിലേക്ക് ‘ഹലോ’ എന്ന് മെസേജ് അയച്ചാൽ ഉടൻ തന്നെ ഏത് സേവനമാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള ഓട്ടോമേറ്റഡ് മെസേജ് ലഭിക്കും. ഇതിൽ നിന്നും ആവശ്യമായ സേവനത്തിന്റെ ഓപ്ഷൻ നമ്പർ മറുപടി മെസേജ് അയച്ചുകൊണ്ട് തിരഞ്ഞെടുക്കാം. സാധനങ്ങൾ ഡെലിവറി ചെയ്യേണ്ട സ്ഥലം വാട്സ്ആപ്പ് ലൊക്കേഷനിൽ നിന്ന് പങ്കുവയ്ക്കുകയോ, ടൈപ്പ് ചെയ്ത് അയക്കുകയോ ചെയ്യാം. ഓർഡർ ചെയ്തു കഴിഞ്ഞാൽ തത്സമയ വിവരങ്ങൾ ഇതേ ചാറ്റിലൂടെ തന്നെ അറിയാനുംപിന്നാലെ പണം അടയ്ക്കാനുള്ള ലിങ്കും ചാറ്റിലെത്തും.
2016 ൽ പ്രവർത്തനം തുടങ്ങിയ എറൻഡോ ചുരുക്കത്തിൽ വീടിന് പുറത്തിറങ്ങാതെ നമ്മുടെ ആവശ്യങ്ങൾ നടപ്പാക്കാനുള്ള പാലമെന്ന് വിശേഷിപ്പിക്കാം. സാധനങ്ങളും സേവനങ്ങളും ഉപഭോക്താക്കൾ പറയുന്ന കടയിലോ വീട്ടിലോ ഓഫീസിൽ നിന്നോ എത്തിച്ചു നൽകും. വീട്ടിൽ മറന്നു വച്ച സാധനങ്ങൾ കൊണ്ടുവരാനും, മരുന്ന് വാങ്ങാനും, വൈദ്യുതിയുടേത് ഉൾപ്പടെയുള്ള ബില്ലുകൾ അടയ്ക്കാനും തുടങ്ങി ഒട്ടനവധി കാര്യങ്ങൾ ചെയ്തു തരാൻ എറൻഡോയുടെ ഡെലിവറി ടീം വിളിപ്പുറത്തുണ്ട്.
ഫോണിൽ ഒരുപാട് ആപ്പുകൾ കുമിഞ്ഞു കൂടുന്നതിൽ നിന്നും സ്റ്റോറേജ് സ്പേസ് നഷ്ടമാകുന്നതിൽ നിന്നും വലിയ ആശ്വാസമാണ് എറൻഡോയുടെ ഈ നൂതന ആശയം കൊണ്ട് പ്രയോജനമാകുന്നത്. വളരെ എളുപ്പത്തിൽ, മെസേജ് അയക്കുന്ന ലാഘവത്തോടെ ആർക്കും സേവനം ഉപയോഗിക്കാം എന്നതാണ് പ്രത്യേകത. ഇംഗ്ലീഷിന് പുറമേ പ്രാദേശിക ഭാഷകളിലും മെസേജുകൾ വായിക്കാനാകുമെന്ന് എറൻഡോയുടെ സ്ഥാപകരിലൊരാളായ ഷമീർ പത്തായക്കണ്ടി പറഞ്ഞു. മലയാളം, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും മെസേജുകൾ ലഭ്യമാക്കും.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ബംഗളുരു എന്നീ നഗരങ്ങളിൽ നിന്ന് മാത്രമായി പ്രതിമാസം ശരാശരി 1.5 ലക്ഷം ഡെലിവറികളാണ് എറൻഡോ നടത്തുന്നത്. ആപ്പ് ഇന്റർഫയ്സുകളുടെ സങ്കീർണതകൾ ഇല്ല എന്നുള്ളത് കൊണ്ടു തന്നെ വാട്സ്ആപ് ഉപയോഗിച്ച് പരിചയമുള്ള ആർക്കും ലളിതമായി ഓർഡറുകൾ ചെയ്യാം. എല്ലാം ഒരു കുടക്കീഴിൽ കിട്ടിയിരുന്നെങ്കിൽ എന്ന ജനങ്ങളുടെ ആഗ്രഹത്തെ വാട്സ്ആപ്പ് എന്ന ഒറ്റ ഉപാധിയിലൂടെ തങ്ങൾ യാഥാർത്ഥ്യമാക്കിയിരിക്കുകയാണെന്നും ഷമീർ പറയുന്നു.
തിരക്കേറിയ ദൈനംദിന ജീവിതത്തിൽ സമയത്തെ പിടിച്ചു നിർത്തുന്നതുപോലുള്ള പല ജോലികളും വിശ്വസ്തതയോടെ ചെയ്തു കൊടുക്കുന്നു എന്നതാണ് എറൻഡോയെ ജനകീയമാക്കിയത്. കേരളത്തിലെ മൂന്ന് പ്രധാന നഗരങ്ങളിൽ ഓടിത്തുടങ്ങിയ എറൻഡോയുടെ വണ്ടികൾ കഴിഞ്ഞ വർഷമാണ് അതിർത്തി കടന്ന് ബംഗളൂരുവിലുമെത്തിയത്. ദക്ഷിണേന്ത്യയിലെ ആറ് നഗരങ്ങളിലേക്ക് കൂടി സേവനം വിപുലീകരിക്കുന്നതിന്റെ ജോലികൾ പുരോഗമിക്കുകയാണ്.
ഹൈദരാബാദ്, ചെന്നൈ, കോയമ്പത്തൂർ, മൈസൂർ, മംഗലാപുരം, തൃശ്ശൂർ എന്നിവിടങ്ങളിലാണ് ഈ വർഷം എറൻഡോയുടെ ഡെലിവറി വാഹനങ്ങൾ ഓടിത്തുടങ്ങുക. സ്വന്തമായി വിതരണ സംവിധാനമില്ലാത്ത ബിസിനസുകൾക്കും പുതിയ ഇ കൊമേഴ്സ് സംരംഭകർക്കും ഒരു ബിടുബി വിതരണ സേവന ദാതാവയും എറൻഡോ പ്രവർത്തിക്കുന്നു.