തൻ്റെ പേരില്‍ മാറ്റം വരുത്തി നടി ലെന. പേരിൻ്റെ ഇംഗ്ലീഷ് സ്‌പെല്ലിങ്ങില്‍ ഒരു ‘A’ കൂടി ചേര്‍ത്താണ് ലെന പേര് പരിഷ്‌കരിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം വിവരം അറിയിച്ചത്. ‘എൻ്റെ പേരിൻ്റെ സ്‌പെല്ലിങ് Lenaa എന്നാക്കിയിരിക്കുന്നു. എനിക്ക് ഭാഗ്യം ആശംസിക്കൂ’- ലെന കുറിച്ചു.
ജൂത സംഖ്യാശാസ്ത്ര പ്രകാരമുള്ള ഉപദേശം സ്വീകരിച്ചാണ് സ്പെല്ലിങ് മാറ്റിയതെന്ന് ലെന പറഞ്ഞു. സംഖ്യാ ശാസ്ത്രപഠനം അനുസരിച്ച് ഭാഗ്യം വരുന്നതിനായി തങ്ങളുടെ പേരില്‍ പരിഷ്‌കരണങ്ങള്‍ വരുത്തിയിട്ടുള്ള താരങ്ങള്‍ നിരവധിയാണ്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി താരങ്ങൾ തങ്ങളുടെ പേരുകളിൽ മാറ്റംവരുത്തിയിട്ടുണ്ട്. ചിലർ ഇംഗ്ലിഷ് അക്ഷരങ്ങളിലാണ് മാറ്റംവരുത്തുന്നതെങ്കിൽ മറ്റുചിലർ പേരുവരെയാണ് മാറ്റുന്നത്.
സംവിധായകന്‍ ജോഷിയാണ് ഇതില്‍ ഇപ്പോഴും സജീവമായിട്ടുള്ള ഒരു പ്രമുഖന്‍. തൻ്റെ പേരിനൊപ്പം ഒരു y കൂടി കൂട്ടിച്ചേര്‍ക്കുകയാണ് ജോഷി ചെയ്തത്. അടുത്തിടെ റോമയും തൻ്റെ ഇംഗ്ലിഷ് പേരിൽ h എന്ന് കൂട്ടിച്ചേര്‍ത്തിരുന്നു. നടൻ ദിലീപും അടുത്തിടെ പേരിൽ മാറ്റം വരുത്തിയിരുന്നു. ‘Dileep’ എന്നതിനു പകരം ‘Dilieep’ എന്നാണ് എഴുതിയിരുന്നത്.
‘മേപ്പടിയാ’നാണ് ലെനയുടെ ഏറ്റവും പുതിയ ചിത്രം. ഉണ്ണി മുകുന്ദന്‍ നായകനായ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ആടുജീവിതം, ഭീഷ്മ പര്‍വം, വനിത, ആര്‍ട്ടിക്കിള്‍ 21 തുടങ്ങി ഒട്ടേറെ സിനിമകളില്‍ ലെന പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.