തിരുവനന്തപുരം; സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേർന്നു. വാർഡുതല കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ യോഗം തീരുമാനിച്ചു.
എല്ലാ വാർഡുകളിലും റാപ്പിഡ് റെസ്പോൺസ് ടീം (ആർആർടി) ശക്തിപ്പെടുത്തും. വൊളണ്ടിയൻമാരെ സജീവമാക്കും. തദ്ദേശ സ്ഥാപന തലത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കും. കുടുംബശ്രീ പ്രവർത്തകരെക്കൂടി ഇതിൽ പങ്കാളികളാക്കും. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെടുത്തി വാക്സിനേഷൻ പ്രവർത്തനങ്ങളും ഊർജിതമാക്കിയിട്ടുണ്ട്. വ്യാപനം കൂടിയ പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ച് പ്രവർത്തനങ്ങൾ ഏകോപിക്കും.
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്ന സ്ഥലങ്ങളിൽ തദ്ദേശ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ കൂടുതൽ സിഎഫ്എൽടിസികൾ സജ്ജമാക്കും. ആവശ്യമെങ്കിൽ ഹോസ്റ്റലുകൾ ഏറ്റെടുക്കും. ഓരോ പ്രദേശത്തുമുള്ള കോവിഡ് കേസുകളുടെ വർധനവ് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ആവശ്യമായ വിവരങ്ങൾ തദ്ദേശ സ്വാപനങ്ങൾക്ക് നൽകും. അതനുസരിച്ചുള്ള പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ നടത്തും.