തിരുവനന്തപുരം;സംസ്ഥാനത്ത് കോവിഡ് ഗുരുതര രോഗികളുടെ എണ്ണം ഉയരുന്നു.ഇന്നലെ 22,946 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ടിപിആർ. 33.07 ശതമാനമാണ് ഇന്നലെ പോസിറ്റിവിറ്റി നിരക്ക്.നവംബർ 1ലെ കണക്കിൽ നിന്നും ആശുപത്രി അഡ്മിഷൻ ഇരട്ടിച്ച്, ഐസിയു കേസുകളിൽ 50 ശതമാനം കൂടിയാൽ കൂടുതൽ സംവിധാനമൊരുക്കാനുള്ള ആദ്യഘട്ടമെന്നാണ് കേരളം തയാറാക്കിയ മുന്നറിയിപ്പ്. ഈ ഘട്ടത്തിൽ ഐസിയുവും വെന്റിലേറ്ററും 20 ശതമാനം കൂട്ടണം. കൂടുതൽ ചികിത്സാ കേന്ദ്രങ്ങൾ തുറക്കണം. ക്ലസ്റ്ററുകളിൽ ജനിതക പരിശോധനയും, മരുന്നുകളുടെയും ഓക്സിജന്റെയും സംഭരണവും നടത്തണം എന്നായിരുന്നു മുന്നറിയിപ്പ്.
ഇന്നലത്തെ കണക്കിൽ ആശുപത്രി അഡ്മിഷൻ നവംബർ 1ലെ 169ൽ നിന്നും 711 ആയി. നവംബർ 1ന് 18904 പേർ ചികിത്സയിലുണ്ടായിരുന്നിടത്ത് ഇന്നലെ 6 മടങ്ങ് കൂടി 1,21,458 ആയി. ഐസിയു കേസുകൾ 45 ശതമാനം കൂടി. 449ൽ നിന്നും 655ലേക്കെത്തി. ചികിത്സാ സംവിധാനങ്ങൾ വർധിപ്പിക്കാനുള്ള അലർട്ടിന്റെ ആദ്യഘട്ടം. അതേസമയം, ഇപ്പോഴത്തെ വ്യാപന കാരണം ഡെൽറ്റാ വകഭേദമാണോ ഒമിക്രോൺ തന്നെയാണോ എന്നതിൽ സർക്കാരിപ്പോഴും വ്യക്തമായ ഉത്തരം നൽകുന്നില്ല. ജനിതക പരിശോധനാഫലങ്ങളിൽ വലിയ കാലതമാസമാണ് ഉണ്ടാവുന്നത്. 2000 പരിശോധന പ്രതിദിനം നടത്താൻ ശേഷിയുള്ള രാജീവ് ഗാന്ധി സെന്റർ, പരിശോധനാ സാമഗ്രികളില്ലാത്തതിനാൽ പ്രതിദിനം 20 ഫലം നൽകാനേ കഴിയൂവെന്നാണ് തിരുവനന്തപുരത്തെ അധികൃതരെ അറിയിച്ചിരിക്കുന്നത്.