രെവാരി: ഹരിയാനയില്‍ സൊമാറ്റോ ഡെലിവറി ബോയി വെടിയേറ്റു മരിച്ചു. പൽവാളിലെ ഹുദിതാൽ സ്വദേശി മഹേന്ദ്ര സിംഗ്(30) ആണ് മരിച്ചത്. വഴിയരികിൽ വെടിയേറ്റ് നിലയിൽ കാണപ്പെട്ട മഹേന്ദ്ര സിംഗിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.
ഹരിയാനയിലെ അൻസാൽ ടൗൺഷിപ്പിലുള്ള രേവാരിയിൽ ഭക്ഷണം നൽകാൻ എത്തിയപ്പോഴാണ് ഇയാൾക്ക് വെടിയേറ്റത്. രേവാരിയിലെ ദുർഗ കോളനിയിലാണ് കഴിഞ്ഞ കുറേനാളുകളായി ഇയാൾ താമസിച്ചിരുന്നത്.
മികച്ച ചികിത്സയ്ക്കായി ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മോഷണശ്രമത്തിനിടെ ഇയാൾക്ക് വെടിയേറ്റതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. ഇയാളുടെ മൊബൈൽ ഫോൺ കണ്ടെത്താൻ സാധിച്ചിട്ടില്ല.