കോട്ടയം: കോട്ടയത്ത് പത്തൊമ്പത് വയസുകാരൻ ഷാൻ ബാബുവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന ശേഷം മൃതദേഹം തലച്ചുമടായി പൊലീസ് സ്റ്റേഷന് മുന്നിലിട്ട സംഭവത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇയാളുടെ പേര് വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിലായി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് ഇപ്പോൾ പിടിയിലായിരിക്കുന്ന അഞ്ച് പേരും. ഷാനിനെ കൊല്ലാൻ വേണ്ടി തന്നെയാണ് തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ് വ്യക്തമാക്കി. തട്ടിക്കൊണ്ടു പോകാനായി ഉപയോഗിച്ച ഓട്ടോ പൊലീസ് കണ്ടെത്തി.
ഷാന്‍ ബാബു മരിച്ചത് തലച്ചോറിലെ രക്തസ്രാവം മൂലമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. കൂടാതെ ഷാനിന്റെ ശരീരത്തിന്റെ പിന്‍ഭാഗത്ത് അടിയേറ്റ നിരവധി പാടുകളുണ്ടെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. പട്ടിക പോലെയുള്ള വസ്തു ഉപയോഗിച്ച് തലയ്ക്ക് അടിച്ചതായാണു റിപ്പോർട്ടിൽ പറയുന്നത്. ശരീരത്തിന്റെ പിൻഭാഗത്ത് അടിയേറ്റ നിരവധി പാടുകൾ കണ്ടെത്തി.
ഇന്ന് പുലർച്ചെയാണ് കോട്ടയത്തെ ഞെട്ടിച്ച അരുംകൊലയുണ്ടായത്. കുപ്രസിദ്ധ ഗുണ്ട ജോമോൻ ജോസാണ് ഷാൻ എന്ന പത്തൊമ്പത് വയസുകാരനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന ശേഷം മൃതദേഹം തലച്ചുമടായി പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടുപോയിട്ടത്. ജില്ലയിലെ തന്‍റെ തകർന്നുപോയ ഗുണ്ടാ സാമ്രാജ്യം വീണ്ടും സ്ഥാപിക്കാനായിരുന്നു ജോമോന്‍റെ ക്രൂരകൃത്യം. സൂര്യൻ എന്ന ശരത് രാജിന്‍റെ ഗുണ്ടാസംഘവുമായി ഷാൻ സൂക്ഷിച്ച സൗഹൃദമാണ് ജോമോന്‍റെ പകയ്ക്ക് കാരണം.
കൊലപാതക ശ്രമമുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജോമോനെ നേരത്തെ പൊലീസ് കാപ്പ നിയമം ചുമത്തി ജില്ല കടത്തിയിരുന്നു. എന്നാൽ കാപ്പ ബോർഡിൽ അപ്പീൽ നൽകി ഇളവ് വാങ്ങിയ ജോമോൻ കുറച്ച് നാൾ മുമ്പ് കോട്ടയത്ത് തിരിച്ചെത്തി. ഡിവൈഎസ്പിക്ക് മുന്പിൽ എല്ലാ ശനിയാഴ്ചയും ഒപ്പിടാമെന്ന വ്യവസ്ഥയിലായിരുന്നു ഇളവ്. കാപ്പ ചുമത്തി നാടുക്കടത്തപ്പെട്ടതോടെ കൈവിട്ടുപോയ ഗുണ്ടാ തലവൻ സ്ഥാനം തിരിച്ചുപിടിക്കാനാണ് കൗമാരക്കാരനെ തല്ലിക്കൊന്നതെന്നാണ് വിവരം.