തിരുവനന്തപുരം: സാമൂഹിക വിരുദ്ധര്‍ക്കെതിരെയുളള സംസ്ഥാന വ്യാപക പൊലീസ് റെയ്‌ഡിൽ ഇതുവരെ അറസ്റ്റിലായത് 14,014 ഗുണ്ടകള്‍. ഡിസംബര്‍ 18 മുതല്‍ ജനുവരി 16 വരെയുളള കണക്ക് പ്രകാരം ഗുണ്ടാനിയമപ്രകാരം 224 പേര്‍ക്കെതിരെ കേസെടുത്തതായി കേരളാ പൊലീസ് അറിയിച്ചു.
ഏറ്റവും കൂടുതല്‍ ഗുണ്ടകള്‍ അറസ്റ്റിലായത് തിരുവനന്തപുരം റൂറലിലാണ്. ഇവിടെ 1606 പേര്‍ അറസ്റ്റിലായി. ആലപ്പുഴയില്‍ 1337 പേരും കൊല്ലം സിറ്റിയില്‍ 1152 പേരും കാസര്‍ഗോഡ് 1141 പേരും പാലക്കാട് 1045 പേരും പിടിയിലായി. വ്യവസ്ഥകൾ ലംഘിച്ച 62 പേരുടെ ജാമ്യം റദ്ദാക്കിയെന്ന് പൊലീസ് അറിയിച്ചു.
ഇക്കാലയളവില്‍ പൊലീസ് സംസ്ഥാനവ്യാപകമായി 19,376 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. 6,305 മൊബൈല്‍ ഫോണുകള്‍ പരിശോധനക്കായി പിടിച്ചെടുത്തു. ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതും തിരുവനന്തപുരം റൂറലില്‍ നിന്നാണ്. 1188 ഫോണുകളാണ് പിടിച്ചെടുത്തത്.
ഗുണ്ടകള്‍ക്കെതിരെ നടത്തി വരുന്ന റെയ്ഡുകള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നിര്‍ദേശം നല്‍കി.