കൊച്ചി: നടന് ദിലീപിന്റെ സുഹൃത്ത് ശരത്തിന്‍റെ വീട്ടിൽ പരിശോധന. ആലുവ തോട്ടുമുഖത്തെ വീട്ടില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. ദിലീപിന്റെ അടുത്ത സുഹൃത്താണ് ശരത്. ക്രൈം ബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തുന്നത്.
ദിലീപുമായി വളരെ അടുത്ത ബന്ധമുള്ള വ്യക്തിയാണ് ശരത്. മുന്‍പ് ദിലീപ് അറസ്റ്റിലായപ്പോള്‍ ഒപ്പമുണ്ടായിരുന്നത് ശരത് ആണ്. ആലുവ സ്വദേശിയും ബിസിനസുകാരനുമായ ശരത്തും ദിലീപും തൃശ്ശൂരിലെ ഒരു ക്ഷേത്രത്തില്‍ പോയി മടങ്ങുമ്പോഴാണ് അന്ന് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത് ആലുവ പോലീസ് ക്ലബ്ബില്‍ എത്തിക്കുമ്പോള്‍ വാഹനത്തില്‍ ശരത്തും ഉണ്ടായിരുന്നു. ദിലീപിന്റെ വീട്ടില്‍ പരിശോധന നടന്നതിന് ശേഷം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ശരത് ഹാജരായില്ല.
ഇപ്പോള്‍ കോടതിയില്‍ നിന്നുള്ള സെര്‍ച്ച് വാറണ്ടുമായിട്ടാണ് സംഘം എത്തിയത്. അതിനിടെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ മുന്‍കൂര്‍ ജാമ്യം തേടി ശരത് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് തന്നെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്നും തനിക്ക് ഒരു ബന്ധവുമില്ലാത്ത കേസാണെന്നും വാദിച്ചാണ് ശരത് മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചത്. കള്ളക്കേസ് ചുമത്തി വിചാരണ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നും ശരത് ആരോപിക്കുന്നു.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് നടത്തിയ ഗൂഡാലോചനയില്‍ ശരത്തും ഉണ്ടായിരുന്നുവെന്ന് സംവിധായകന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തുന്നത്.
ദിലീപ്, സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ്, കോട്ടയത്തെ വ്യവസായി എന്നിവര്‍ക്കൊപ്പമാണ് ശരത് അങ്കിൾ എന്ന് വിളിക്കുന്ന ശരത്തും ഗൂഡാലോചനയില്‍ പങ്കെടുത്തതെന്നാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞത്.
കഴിഞ്ഞ ദിവസം ദിലീപിന്റെ ആലുവയിലെ വീട്ടിലും സഹോദരന് അനൂപിന്റെ വീട്ടിലും ഇവരുടെ നിര്‍മാണ കമ്പനിയിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു.
അതേസമയം, കേസിൽ അഞ്ച് സാക്ഷികളെ പുതുതായി വിസതരിക്കാൻ പ്രോസിക്യൂഷന് ഹൈകോടതി അനുമതി നൽകി. പത്ത് ദിവസത്തിനകം പ്രോസിക്യൂട്ടറെ നിയമിച്ച് സാക്ഷി വിസ്താരം പൂര്‍ത്തിയാക്കാനാണ് ഹൈക്കോടതി നിര്‍ദേശം.