കൊല്ലം: പ്രതിയെ പിടിക്കാനെത്തിയ പോലീസുകാരും ബന്ധുക്കളും തമ്മില്‍ കൈയാങ്കളി. കൊല്ലം കിഴക്കേനടയിലാണ് സംഭവം.
ബാറില്‍ ബഹളമുണ്ടാക്കിയ സംഭവത്തിലാണ് പ്രതി ആകാശ് മോഹനെ തപ്പി പോലീസ് വീട്ടിലെത്തിയത്. ആകാശിനൊപ്പം സഹോദരന് അനന്തുവിനെയും കസ്റ്റഡിയിലെടുക്കാനായിരുന്നു പോലീസിന്റെ ശ്രമം. സഹോദരനെ കൂടി കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെ വീട്ടുകാര്‍ പോലീസിനെ തടയുകയായിരുന്നു. ഇതോടെ ബന്ധുക്കളും പോലീസും തമ്മില്‍ കൈയാങ്കളിയായി.
വീട്ടുകാര്‍ ആക്രമിച്ചുവെന്നാണ് പോലീസിന്റെ ആരോപണം. എന്നാല്‍ സംഘര്‍ഷമുണ്ടാക്കിയതും മര്‍ദിച്ചതും പോലീസ് ആണെന്ന് വീട്ടുകാര്‍ ആരോപിച്ചു.
ബാറില്‍ ബഹളമുണ്ടാക്കിയ പ്രതി ആകാശ് മോഹന്റെ അറസ്റ്റ് തടഞ്ഞ് ഉദ്യോഗസ്ഥരെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയാണുണ്ടായതെന്ന് പൊലീസ് ആരോപിച്ചു. ഇന്നലെ ഉച്ചയോടുകൂടിയാണ് പൊലീസ് സംഭവം നടന്ന വീട്ടിലെത്തിയത്.
പ്രതിയെയും സഹോദരനെയും പൊലീസ് റിമാന്‍ഡ് ചെയ്തു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് ഇവരുടെ പിതാവിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.