നിരവധി ആളുകള്‍ നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്‌നമാണ് കൈകള്‍ക്കുണ്ടാകുന്ന തരിപ്പ്, മരവിപ്പ്, അസഹ്യമായ വേദന എന്നിവയെല്ലാം.ഈ അസുഖം കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രം എന്നാണ് അറിയപ്പെടുന്നത്. ഇത് സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കാണുന്ന അസുഖമാണ്. പലപ്പോഴും പ്രമേഹം, അമിതവണ്ണം, തൈറോയ്ഡ്, വാതസംബന്ധമായ അസുഖങ്ങള്‍ എന്നിവയുള്ളവരില്‍ ഈ അസുഖം കൂടുതലായി കണ്ടുവരാറുണ്ട്. മാത്രമല്ല, ഗര്‍ഭിണികളില്‍ വളരെയധികം ഈ അസുഖം ഉണ്ടാകാറുണ്ട്. ഇത് അവര്‍ക്ക് താല്‍ക്കാലികമായി മാത്രമേ ഉണ്ടാകുകയുള്ളൂ.
ഈ അസുഖത്തിന്റെ ഏറ്റവും വലിയ ബുദ്ധിമുട്ട് കൈയ്ക്കുണ്ടാകുന്ന തരിപ്പാണ്. വീട്ടിലെ ജോലികള്‍ ചെയ്യുമ്ബോള്‍, ഫോണ്‍ ചെയ്യുമ്ബോള്‍, കൂടുതല്‍ സമയം എന്തെങ്കിലും വസ്തുക്കള്‍ കൈയില്‍ പിടിച്ചിരിക്കുമ്ബോഴെല്ലാം കൈക്ക് തരിപ്പും വേദനയും ഉണ്ടാകുന്നു. ഉറക്കത്തില്‍ കൈക്ക് തരിപ്പ് ഉണ്ടായി ഉറക്കം ശരിയാകാത്ത അവസ്ഥയും രോഗികള്‍ക്കുണ്ടാകുന്നു.
കൈയില്‍നിന്ന് കൈപ്പത്തിയിലേക്ക് പോകുന്ന ഒരു ഞരമ്ബുണ്ട്, മീഡിയന്‍ നെര്‍വ് എന്നാണിതിനെ പറയുക. ഈ ഞരമ്ബ് മണികണ്ഠത്തിലൂടെ ചെറിയൊരു ‘ടണല്‍’ പോലുള്ള സ്ഥലത്തുകൂടിയാണ് കൈപ്പത്തിയിലേക്ക് പ്രവേശിക്കുന്നത്. തുടര്‍ച്ചയായി മണികണ്ഠത്തില്‍ ആഘാതമേല്‍പിക്കുന്ന ജോലികള്‍, ഇതിലൂടെ കടന്നുപോകുന്ന തന്തുക്കള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ നീര്‍വീഴ്ച ഉണ്ടാക്കുകയും ആ ഭാഗത്ത് വീക്കം ഉണ്ടാവുകയും ചെയ്യുന്നു. ഇങ്ങനെയുള്ള വീക്കം ടണലിന്റെ ഉള്‍വിസ്താരം കുറയ്ക്കുകയും മീഡിയന്‍ നെര്‍വിനെ ഞെരുക്കുകയും ചെയ്യുന്നു. ഇത് മരവിപ്പായി രോഗിയ്ക്ക് അനുഭവപ്പെടുന്നു.
തുടക്കത്തിലേ ഈ രോഗം കണ്ടെത്തിയവര്‍ക്ക് മരുന്നുകള്‍, സ്റ്റിറോയ്ഡ് ഇഞ്ചക്ഷന്‍ എന്നിവയാണ് കൊടുക്കുക. ചില രോഗികള്‍ക്ക് ഈ ചികിത്സകൊണ്ടുതന്നെ മാറ്റമുണ്ടാകും. രോഗത്തിന്റെ തീവ്രത കൂടിയവര്‍ക്ക് ചെറിയ സര്‍ജറി ചെയ്യേണ്ടി വരും. സര്‍ജറി കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ തന്നെ അസുഖം പൂര്‍ണ്ണമായും മാറുന്നതായിരിക്കും.രോഗം വരാന്‍ സാധ്യതയുള്ള ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ തുടര്‍ച്ചയായി ജോലി ചെയ്യാതെ ഇടയ്ക്കിടക്ക് കൈയ്ക്ക് വിശ്രമം കൊടുക്കുന്നത് നല്ലതാണ്.
ആ സമയങ്ങളില്‍ കൈപ്പത്തി നിവര്‍ത്തിയും ചുരുക്കിയും ചെറിയ ചെറിയ വ്യായാമം കൊടുത്തും ഒരുപരിധിവരെ കാര്‍പ്പല്‍ ടണല്‍ സിന്‍ഡ്രത്തെ മറികടക്കാം. തുടര്‍ച്ചയായി കീബോര്‍ഡ് ഉപയോഗിക്കുന്നവര്‍ റിസ്റ്റ്റെസ്റ്റ് എര്‍ഗൊണോമിക്ക് ഗ്ലൗ, മൗസ്പാഡ് ഇവ ഉപയോഗിക്കുന്നത് നല്ലതാണ്. കൈപ്പത്തിക്കും കുഴയ്ക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ചെറുവ്യായാമങ്ങള്‍ ശീലമാക്കുകയും വേണം.