യാംബു: സമുദ്ര വിനോദസഞ്ചാരം സജീവമാക്കാനും ടൂറിസം മേഖലയില്‍ വിപ്ലവകരമായ മുന്നേറ്റം ഉണ്ടാക്കാനും സൗദി ടൂറിസം അതോറിറ്റി നടപ്പാക്കിയ ക്രൂസ് കപ്പല്‍ സര്‍വിസ് ഏർപ്പെടുത്താനൊരുങ്ങി അധികൃതര്‍.പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ ഉടമസ്ഥതയിലുള്ള സൗദി ക്രൂസ് കമ്ബനി കിങ് ഫഹദ് വാണിജ്യ തുറമുഖത്ത് ക്രൂസ് കപ്പലുകള്‍ക്ക് പാസഞ്ചര്‍ ടെര്‍മിനല്‍ സ്ഥാപിക്കുന്ന നടപടികള്‍ക്ക് തുടക്കംകുറിച്ചിട്ടുണ്ട്.
യാംബു റോയല്‍ കമീഷന് തുറമുഖത്ത് ക്രൂസ് കപ്പലുകള്‍ക്കായി പാസഞ്ചര്‍ ടെര്‍മിനലുകള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റോയല്‍ കമീഷന് അതോറിറ്റിയും സൗദി ക്രൂസ് കമ്പനിയുടെ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തി. കടല്‍ത്തീരങ്ങള്‍, ദ്വീപുകള്‍, പൈതൃക നഗരികള്‍, ഉല്ലാസ കേന്ദ്രങ്ങള്‍ എന്നിവ സന്ദര്‍ശിക്കാനും കാഴ്ചകള്‍ ആസ്വദിക്കാനും കടല്‍യാത്രാ അനുഭവങ്ങള്‍ പകര്‍ത്താനും അവസരം ഒരുക്കാന്‍ സൗദി ടൂറിസം വകുപ്പ് നടത്തുന്ന ശ്രമങ്ങള്‍ക്ക് വര്‍ധിച്ച പിന്തുണയാണെങ്ങും ലഭിക്കുന്നത്.
റോയല്‍ കമീഷന് അതോറിറ്റി, ടൂറിസം അതോറിറ്റി എന്നിവയുടെ മേധാവികള്‍ നടത്തിയ കൂടിക്കാഴ്ചയില്‍ യാംബുവിലെ ടൂറിസം മേഖലയിലുള്ള പുതിയ സാധ്യതകളും വ്യവസായ നിക്ഷേപരംഗത്തുള്ള മികവുറ്റ അവസരങ്ങളും വിനോദസഞ്ചാരമേഖലയിലേക്ക് സന്ദര്‍ശകരെ ആകര് ഷിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും ചര്‍ച്ച നടന്നു. റോയല്‍ കമീഷന് സന്ദര്‍ശിച്ച പ്രതിനിധിസംഘം പ്രദേശത്തെ പ്രധാന ടൂറിസം മേഖലകളും ബീച്ചുകളും സന്ദര്‍ശനം നടത്തി.
2025 ആകുന്നതോടെ ക്രൂസ് ടൂറിസം മേഖലയില്‍ അമ്ബതിനായിരം തൊഴിലവസരങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നും ടൂറിസം അതോറിറ്റി കണക്കുകൂട്ടുന്നു. 2028 ആകുമ്ബോഴേക്കും ക്രൂസ് കപ്പലുകളില്‍ പ്രതിവര്‍ഷം യാത്ര ചെയ്യുന്ന ടൂറിസ്റ്റുകളുടെ എണ്ണം 15 ലക്ഷമായി ഉയര്‍ത്താനും ലക്ഷ്യംവെച്ചുകൊണ്ടുള്ള വിവിധ പദ്ധതികളാണ് അധികൃതര്‍ നടപ്പാക്കുന്നത്.
സൗദി വിഷന്‍ 2030 ലക്ഷ്യംവെക്കുന്ന സമുദ്രവിനോദസഞ്ചാര മേഖലയിലെ വികസനം ഫലം കാണാന്‍ വിവിധ പദ്ധതികള്‍ ആസൂത്രണപൂര്‍വം നടപ്പാക്കാന്‍തന്നെയാണ് ടൂറിസം അതോറിറ്റി ഓരോ പദ്ധതിയും നടപ്പാക്കുന്നതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് പ്രതിനിധി സംഘം കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.