നാഗർകോവിൽ: കൊവിഡ് വീണ്ടും വ്യാപിക്കുന്ന സാഹചര്യത്തിൽ പ്രതിരോധത്തിന്റെ ഭാഗമായി തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച ഞായറാഴ്ച്ച ലോക്ക്ഡൗണിൽ കേരളത്തിൽ നിന്നും തമിഴ്നാട്ടിലോട്ട് വന്ന മലയാളികളെ അതിർത്തിയിൽ പൊലീസ് തടഞ്ഞു. ലോക്ക്ഡൗൺ അറിയാതെ വന്നവരാണ് അതിർത്തിയിൽ കുടുങ്ങി പോയത്. തമിഴ്നാട് ട്രാൻസ്പോർട് ബസുകളും, സ്വകാര്യ ബസുകളും സർവീസ് നടത്തിയില്ല. കെ.എസ്.ആർ.ടി.സി ബസുകൾ ഇഞ്ചിവിളയോട് കൂടി സർവീസുകൾ അവസാനിപ്പിച്ചു. കാൽനടയാത്രക്കാർ, ബൈക്ക് യാത്രക്കാർ ഉൾപ്പടെയുള്ളവരെ അതിർത്തി പ്രദേശമായ കളിയിക്കാവിള ചെക്ക്പോസ്റ്റിൽ തമിഴ്നാട് പൊലീസ് തടയുകയും ചെയ്തു. പക്ഷെ ശബരിമല തീർത്ഥാടകരെ തടഞ്ഞില്ല. കൂടാതെ ആശുപത്രിക്കായി ജില്ല വിട്ട് പോകാനും വരാനും അത്യാവശ്യ സർവീസുകൾക്കും തടസ്സം ഉണ്ടായിരുന്നില്ല.
അതേസമയം, ലോക്ക്ഡൗണിന്റെ ഭാഗമായി കന്യാകുമാരി ജില്ലയിൽ ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നേതൃത്വത്തിൽ 1500 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷക്കായി നിയോഗിച്ചിരുന്നത്. ജില്ലയിലെ എല്ലാ പ്രധാന റോഡുകളിലും, ഇടറോഡുകളിലും പൊലീസ് താത്കാലിക ചെക്ക്പോസ്റ്റുകൾ നിർമ്മിച്ച് പരിശോധന നടത്തിയിരുന്നു. അനാവശ്യമായി പുറത്തിറങ്ങിയവർക്ക് പിഴയും ഈടാക്കുകയും ചെയ്തു.