ജുബൈല്‍: സൗദി ആതിഥേയത്വം വഹിക്കുന്ന ഗള്‍ഫ് സഹകരണ കൗണ്‍സിലില്‍ (ജി.സി.സി) സുരക്ഷ സേനകളുടെ സംയുക്ത അഭ്യാസ പ്രകടനം ‘അറബ് ഗള്‍ഫ് സെക്യൂരിറ്റി 3’ ദമ്മാമില്‍ തുടങ്ങി.അഭ്യാസത്തിന്റെ മൂന്നാം പതിപ്പ് സൗദിയില്‍ നടത്തുന്നതിന് ജി.സി.സി ആഭ്യന്തരമന്ത്രിമാരുടെ അംഗീകാരം ലഭിച്ചതിനുശേഷം ‘അറബ് ഗള്‍ഫ് സെക്യൂരിറ്റി 3’ എന്ന പേരില്‍ പ്രവര്‍ത്തന പരിപാടികള്‍ ആവിഷ്കരിക്കുകയായിരുന്നുവെന്ന് മേജര്‍ ജനറല്‍ അല്‍ വദാനി പറഞ്ഞു.
ഓപറേഷന്‍സ് അഫയേഴ്സ് ആഭ്യന്തര സഹമന്ത്രി ജനറല്‍ സഈദ് ബിന്‍ അബ്ദുല്ല അല്‍ ഖഹ്താനി ഉദ്ഘാടനം ചെയ്തു. എല്ലാ അംഗരാജ്യങ്ങളുടെയും സുരക്ഷ മേധാവികളുടെ അവലോകനത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്.തുടര്‍ന്ന് അഭ്യാസ കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഷെയ് ബിന്‍ സലേം അല്‍-വദാനി അഭ്യാസപദ്ധതി വിശദീകരിച്ചു.
സുരക്ഷ മേഖലയില്‍ ജി.സി.സി രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുക, അറബ് ഗള്‍ഫ് മേഖല നേരിടുന്ന എല്ലാ ഭീഷണികളും അപകടങ്ങളും നേരിടാന്‍ സുരക്ഷസേനയുടെ ഏകോപനവും സന്നദ്ധതയും വര്‍ധിപ്പിക്കുക എന്നിവയാണ് സംയുക്ത അഭ്യാസത്തിലൂടെ ലക്ഷ്യംവെക്കുന്നത്.
ആഭ്യന്തരമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്റെ അഭിനന്ദനം ജനറല്‍ അല്‍ ഖഹ്താനി അഭ്യാസത്തില്‍ പങ്കെടുത്തവര്‍ക്കും ജി.സി.സി ആഭ്യന്തര മന്ത്രിമാര്‍ക്കും കൈമാറി. ആരോഗ്യകരമായ അന്തരീക്ഷം നിലനിര്‍ത്തുന്നതിന് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.