ഇടുക്കി: ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്‍റെ കൊലപാതക്കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പോലീസ് പിടിയിലായി. കെഎസ്‍യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി നിതിൻ ലൂക്കോസാണ് പിടിയിലായത്. കേസില്‍ നാലാം പ്രതിയാണ് നിതിന്‍. ഇതോടെ കേസിൽ പിടിയിലാവുന്നവരുടെ എണ്ണം ആറായി. കേസില്‍ അഞ്ചാം പ്രതിയെ ഇനിയും പിടികൂടാൻ സാധിച്ചിട്ടില്ല.
ഇടുക്കി ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ഇപ്പോൾ നടത്തുന്നത്. കേസിൽ നേരത്തെ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലിയും ജെറിൻ ജോജോയും നിലവിൽ റിമാൻഡിലാണ്. ഇവരെ പത്തു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തുന്നതിനും സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കുന്നതിനും കൂടുതൽ അന്വേഷണങ്ങൾക്കുമായാണ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.