കൊച്ചി: ഇടുക്കി ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ധീരജിൻ്റെ കൊലപാതകത്തിൽ പ്രതികൾ നിരപരാധികളെങ്കിൽ സംരക്ഷിക്കുമെന്നാണ് കെ സുധാകരൻ പറഞ്ഞതെന്നും പോലീസിൻ്റെ അന്വേഷണ റിപ്പോർട്ട് പുറത്ത് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ആറ് പേർ ചേർന്ന് 100 പേരെ ആക്രമിച്ചതെങ്ങിനെയെന്ന് വ്യക്തമാകേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, കോവിഡ് മാനദണ്ഡം ലംഘിക്കുന്നുവെന്ന് ആരോപിച്ച് സിപിഎം മരണത്തിൻ്റെ വ്യാപാരികളെന്ന് വി ഡി സതീശൻ വിമർശിച്ചു. കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് യുഡിഎഫും കോണ്‍ഗ്രസും നേരത്തെ പ്രഖ്യാപിച്ചിരുന്ന സമരങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ മാറ്റിവച്ചത്.
രണ്ടാഴ്ചയ്ക്കുള്ളില്‍ വലിയ തോതിലുള്ള കോവിഡ് വ്യാപനം ഉണ്ടാകുമെന്നു ആരോഗ്യമന്ത്രി പറഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാരിൻ്റെ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാനാണ് യൂനിവേഴ്‌സിറ്റി സമരം ഉള്‍പ്പെടെ എല്ലാ പരിപാടികളും മാറ്റിയത്. എന്നാല്‍ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സിപിഎം അവരുടെ പാര്‍ട്ടി സമ്മേളനങ്ങളും തിരുവാതിരക്കളിയുമായി മുന്നോട്ടു പോകുകയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.
കോവിഡ് തുടങ്ങിയ കാലത്ത് അതിര്‍ത്തിയില്‍ തമ്പടിച്ച സാധാരണക്കാര്‍ക്ക് കുടിവെള്ളവും ഭക്ഷണവും വിതരണം ചെയ്യാന്‍ പോയ കോണ്‍ഗ്രസ് എംപിമാരെയും എംഎല്‍എമാരെയും മരണത്തിൻ്റെ വ്യാപാരികള്‍ എന്നു വിളിച്ച് ആക്ഷേപിച്ചവര്‍ക്ക് ഇന്ന് എന്താണ് പറയാനുള്ളത്? ഇപ്പോള്‍ ആരാണ് കേരളത്തില്‍ മരണത്തിൻ്റെ വ്യാപാരികളായി നില്‍ക്കുന്നത്? ഒരു കാലത്തും ഉണ്ടാകാത്ത അത്രയും രൂക്ഷമായാണ് കോവിഡ് വ്യാപിക്കുന്നത്.
എന്നാല്‍ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സിപിഎമ്മിന് കോവിഡ് വ്യാപനത്തേക്കാള്‍ പ്രധാനമാണ് പാര്‍ട്ടി പരിപാടികളും തിരുവാതിരക്കളിയും. തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത എംഎല്‍എക്ക് ഉള്‍പ്പെടെ കോവിഡ് ബാധിച്ചു. എന്നിട്ടും സമ്മേളനം നിര്‍ത്തിവച്ചില്ല. സമ്മേളനം നിര്‍ത്തിയാല്‍ ആകാശം ഇടിഞ്ഞുവീഴുമോ? 250 പേരുമായി ഇപ്പോഴും സമ്മേളനം നടത്തുകയാണ്. 50 പേരില്‍ കൂടുതല്‍ കൂടിയാല്‍ നടപടി എടുക്കുമെന്ന് ജില്ലാ കലക്ടറും ഉത്തരവിറക്കിയിട്ടുണ്ട്. അപ്പോള്‍ ആരാണ് മരണത്തിൻ്റെ വ്യാപാരികള്‍ എന്ന് വ്യക്തമായതായും വി ഡി സതീശൻ പറഞ്ഞു.