തിരുവനന്തപുരം: മുൻ എം പി എ സമ്പത്തിനെ സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. ശിശുക്ഷേമ സമിതി അധ്യക്ഷനും മുൻ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റുമായ എം ഷിജുഖാനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. 46 അംഗങ്ങളുള്ള പുതിയ ജില്ലാ കമ്മറ്റിയെ തെരഞ്ഞടുത്തു.
9 ആളുകളെ ഒഴിവാക്കിയപ്പോള്‍ പുതിയ 9 അംഗങ്ങളെ ഉള്‍പ്പെടുത്തി. എ സമ്പത്തിനെതിരെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ നിശിതമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമല്ലെന്നായിരുന്നു വിമര്‍ശനം. സംസ്ഥാന സമിതിയില്‍ ഉള്ളതിനാല്‍ വി ശിവന്‍ കുട്ടിയെ പുതിയ കമ്മറ്റിയില്‍ നിന്ന് ഒഴിവാക്കി. സഹദേവന്‍, മറ്റ ആറ് പേരെ പ്രായാധിക്യം മൂലമാണ് മാറ്റിനിര്‍ത്തിയത്.
വി അമ്പിളി, പ്രമോഷ്, ഷൈലജ ബീഗം, എസ് പി ദീപക്, എസ് കെ പ്രീജ, ഡി കെ ശശി, ആർ ജയദേവൻ, വി വിനീഷ് എന്നിവരെയാണ് പുതുതായി ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. എ സമ്പത്തിന് പുറമെ ഡബ്ല്യു ആർ ഹീബ, ചെറ്റച്ചൽ സഹദേവൻ, ജി രാജൻ, പുല്ലുവിള സ്റ്റാൻലി, തിരുവല്ലം ശിവരാജൻ, പട്ടം വാമദേവൻ നായർ എന്നിവരെയും ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി.