മസ്കത്ത്: ആര്കിടെക്ചര് രംഗത്ത് ഉന്നത കഴിവു തെളിയിക്കുന്ന യുവാക്കളെ ലക്ഷ്യമിട്ട് ‘ബില്‍ അറബ് ബിന്‍ ഹൈതം’ പുരസ്കാരത്തിന് തുടക്കം കുറിച്ച് ബില്‍ അറബ് ബിന്‍ ഹൈതം അല്‍ സഈദ്.വര്‍ഷത്തില്‍ പ്രാദേശിക മത്സരത്തിലൂടെ വിജയിയെ തിരഞ്ഞെടുക്കും.
മികച്ച സൃഷ്ടികള്‍ തിരഞ്ഞെടുക്കുന്നതോടൊപ്പം വിജയിക്കുന്ന ഡിസൈനുകള്‍ക്ക് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി നിക്ഷേപം ലഭ്യമാക്കുകയും ചെയ്യും.ആര്‍കിടെക്ചറല്‍ മേഖലയില്‍ വിദഗ്ധരും തൊഴിലന്വേഷകരുമായ യുവാക്കള്‍ക്കുള്ള പുരസ്കാരം സുല്‍ത്താന്‍ ഹൈതം ബിന്‍ ത്വാരിഖിന്റെ ആശിര്‍വാദത്തോടെയാണ് തുടക്കം കുറിച്ചിരിക്കുന്നത്.
വ്യക്തിഗതമായോ അല്ലെങ്കില്‍ മൂന്ന് ആളുകള്‍ കവിയാത്ത ഒരു ടീമായോ മത്സരത്തില്‍ പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ക്ക് 35 വയസ്സില്‍ കവിയാന്‍ പാടില്ല. മത്സരാര്‍ഥികള്‍ പ്രോജക്ട് ആശയങ്ങള്‍, കാഴ്ചപ്പാടുകള്‍, നിര്‍ദേശങ്ങള്‍ എന്നിവയെ കുറിച്ച് ജൂറിക്ക് കൃത്യമായ വിവരം നല്‍കണം. പത്തു പേരെ ഫൈനല്‍ ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കും. ഇതില്‍നിന്ന് ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് സമ്മാനങ്ങള്‍ ലഭിക്കും. 20,000, 15,000, 10,000 റിയാല്‍ എന്നിങ്ങനെയാണ് യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങള്‍ക്കുള്ള സമ്മാനത്തുക. മറ്റു ഫൈനലിസ്റ്റുകളായ ഏഴുപേര്‍ക്കും സമ്മാനങ്ങള്‍ നല്‍കും.