ആലപ്പുഴ: ഭാര്യക്ക് വിഷം നല്‍കിയതിന് ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ആലപ്പുഴയിലെ കൈനകരിയിലാണ് സംഭവം. കൈനകരി തോട്ടുവത്തലയിലാണ് ദമ്പതികളുടെ മരണം. അപ്പച്ചന്(79), ലീലാമ്മ(75) എന്നിവരാണ് മരിച്ചത്. അപ്പച്ചനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ലീലാമ്മയ്ക്ക് വിഷം നല്‍കിയതിന് ശേഷം ഇയാള്‍ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
വാർദ്ധക്യത്തിൻ്റെ ഒറ്റപ്പെടലാണ് ജീവനൊടുക്കാൻ കാരണമെന്ന ആത്മഹത്യാക്കുറുപ്പ് പോലീസ് കണ്ടെടുത്തു. ഇന്ന് പുലർച്ചെയാണ് സംഭവം. ദമ്പതികൾ തനിച്ചായിരുന്നു താമസം. അയൽവാസികളാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ദമ്പതികൾക്ക് ആറ് മക്കളുണ്ട്. ദീർഘനാളുകളായി മക്കൾ ഇവരിൽ നിന്ന് അകന്നാണ് താമസിക്കുന്നത്.
ലീലാമ്മ കിടപ്പുരോഗിയാണ്. അപ്പച്ചൻ അർബുദ രോഗിയും. മുറ്റത്തെ മാവിലാണ് അപ്പച്ചൻ തൂങ്ങിയത്. ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും. വണ്ടാനം മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം നടത്തുക.