തൃശൂർ: തൃശൂരിൽ നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് സിപിഎമ്മിൻ്റെ തിരുവാതിരക്കളി. തിരുവനന്തപുരത്തെ മെഗാതിരുവാതിര വിവാദമായിരിക്കെയാണ് സിപിഎം വീണ്ടും തിരുവാതിര സംഘടിപ്പിച്ചത്. സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായാണ് തെക്കുംകര വെസ്റ്റ് ലോക്കൽ കമ്മിറ്റി തിരുവാതിരക്കളി സംഘടിപ്പിച്ചത്.
ഊരോംകാട് അയ്യപ്പ ക്ഷേത്ര പരിസരത്തായിരുന്നു പരിപാടി. ഈമാസം 21 മുതൽ 23 വരെയാണ് തൃശൂർ ജില്ലാ സമ്മേളനം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് തിരുവാതിര നടത്തിയതെന്ന് സംഘാടകർ അവകാശപ്പെട്ടു. എല്ലാവരും മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമാണ് തിരുവാതിരക്കളിയിൽ അണിനിരന്നതെന്നും അവർ ചൂണ്ടിക്കാട്ടി.
അതേസമയം, തിരുവാതിര പോലുള്ള ആളുകൾ കൂടുന്ന പരിപാടികളിൽ നിന്ന് തൽക്കാലം വിട്ടുനിൽക്കണമെന്ന് നിർദേശം നൽകിയെന്ന് പാർട്ടി ജില്ലാ നേതൃത്വം വ്യക്തമാക്കുന്നു. പാറശ്ശാലയിൽ നടന്ന തിരുവാതിരക്കളി തെറ്റായിപ്പോയെന്ന് പാർട്ടി നേതാക്കൾ തന്നെ വിലയിരുത്തിയ സാഹചര്യത്തിൽ വീണ്ടും സിപിഎം സമ്മേളനത്തിൻ്റെ ഭാഗമായി തിരുവാതിര അരങ്ങേറിയത് പാർട്ടി നേതൃത്വം ഗൗരവത്തോടെ തന്നെ കണക്കിലെടുക്കുമെന്നാണ് സൂചന.