തിരുവനന്തപുരം: സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള പകുതിയിലധികം കുട്ടികള്‍ക്ക് (51 ശതമാനം) കോവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ആകെ 7,66,741 കുട്ടികള്‍ക്കാണ് വാക്സിന്‍ നല്‍കിയത്. 97,458 ഡോസ് വാക്സിന്‍ നല്‍കിയ തൃശൂര്‍ ജില്ലയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കിയത്. സംസ്ഥാനത്ത് ജനുവരി മൂന്നിനാണ് കുട്ടികളുടെ വാക്സിനേഷന്‍ ആരംഭിച്ചത്.
ഒമിക്രോണ്‍ സാഹചര്യത്തില്‍ പരമാവധി കുട്ടികള്‍ക്ക് വേഗത്തില്‍ വാക്സിന്‍ നല്‍കാനായി പ്രത്യേക വാക്സിനേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചാണ് വാക്സിന്‍ നല്‍കിയത്. കേവലം 12 ദിവസം കൊണ്ടാണ് പകുതിയിലധികം കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ സാധിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം 70,021, കൊല്ലം 60,597, പത്തനംതിട്ട 29,584, ആലപ്പുഴ 57,764, കോട്ടയം 47,835, ഇടുക്കി 28,571, എറണാകുളം 56,943, തൃശൂര്‍ 97,458, പാലക്കാട് 76,145, മലപ്പുറം 70,144, കോഴിക്കോട് 45,789, കണ്ണൂര്‍ 73,803, വയനാട് 24,415, കാസര്‍കോട് 27,642 എന്നിങ്ങനേയാണ് കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കിയത്.
സംസ്ഥാനത്ത് 1,67,813 പേര്‍ക്കാണ് ഇതുവരെ കരുതല്‍ ഡോസ് വാക്സിന്‍ നല്‍കിയത്. 96,946 ആരോഗ്യ പ്രവര്‍ത്തകര്‍, 26,360 കൊവിഡ് മുന്നണി പോരാളികള്‍, 44,507 അറുപത് വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കിയത്. 18 വയസിന് മുകളില്‍ വാക്സിന്‍ എടുക്കേണ്ട ജനസംഖ്യയുടെ 99.68 ശതമാനം പേര്‍ക്ക് (2,66,24,042) ഒരു ഡോസ് വാക്സിനും 82.27 ശതമാനം പേര്‍ക്ക് (2,19,73,681) രണ്ട് ഡോസ് വാക്സിനും നല്‍കി.