തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്ന രണ്ട് പ്രതിനിധികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഐ ബി സതീഷ് എംഎൽഎയ്ക്കും, ഇ ജി മോഹനനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും കളക്ടര്‍ നിരോധിച്ചിരുന്നു. എന്നാല്‍ സിപിഎം ജില്ലാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം തുടരുകയാണ്.
അതേസമയം, ജില്ലാ സമ്മേളനത്തിൽ മന്ത്രി ഓഫീസുകള്‍ക്ക് എതിരെയും മന്ത്രിമാര്‍ക്ക് എതിരെയും രൂക്ഷ വിമർശനമാണ് പ്രതിനിധികൾ ഉയര്‍ത്തിയത്. മന്ത്രി ഓഫീസുകൾക്കെതിരെ വി കെ പ്രശാന്ത് എംഎൽഎയാണ് വിമർശനം ഉയര്‍ത്തിയത്. മന്ത്രി ഓഫീസുകൾക്ക് വേഗം പോരാ. പല കാര്യങ്ങളും വൈകുന്നു തുടങ്ങിയ വിമര്‍ശനങ്ങളാണ് പാളയം ഏരിയ കമ്മിറ്റിയുടെ ഭാഗമായി വി കെ പ്രശാന്ത് എംഎല്‍എ ഉന്നയിച്ചത്.
ആരോഗ്യ, വ്യവസായ മന്ത്രിമാര്‍ക്കെതിരെ വളരെ ഗൗരവതരമായ വിമര്‍ശനമാണ് കോവളം ഏരിയ കമ്മിറ്റി ഉന്നയിച്ചത്. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ ഓഫീസില്‍ പാവങ്ങള്‍ക്ക് കയറാന്‍ കഴിയുന്നില്ലെന്നായിരുന്നു വിമര്‍ശനം. സാധാരണ കുടുംബങ്ങളിൽ നിന്ന് വരുന്ന സ്ത്രീകളെ അപവാദം പറഞ്ഞ് തളർത്തുകയാണെന്ന് കിളിമാനൂർ ഏരിയ കമ്മിറ്റിയില്‍ നിന്നും വിമർശനം ഉയര്‍ന്നു.