കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ അപ്പീല്‍ നല്കാന് പോലീസ് നിയമോപദേശം തേടി. കോട്ടയം എസ്പി ഡി.ശിൽപ പബ്ലിക് പ്രോസിക്യൂട്ടറില്‍ നിന്നുമാണ് നിയമോപദേശം തേടിയത്.കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഇന്നലെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു എന്ന ഒറ്റവാക്കിലായിരുന്നു കോടതിയുടെ വിധിപ്രസ്താവം. പുഞ്ചിരിച്ച മുഖത്തോടെയാണ് ബിഷപ്പ് കോടതി മുറിയിൽ നിന്നും പുറത്തേക്കു വന്നത്. ദൈവത്തിനു സ്തുതിയെന്നായിരുന്നു വിധിപ്രസ്താവം കേട്ടയുടൻ ഫ്രാങ്കോയുടെ പ്രതികരണം.
ശാസ്ത്രീയ തെളിവുകളുടെ അഭാവം, സാഹചര്യത്തെളിവുകളെയും മൊഴികളെയും മാത്രം ആശ്രയിച്ചത്, പരാതിപ്പെടാനുണ്ടായ കാലതാമസം, ബിഷപ്പും കന്യാസ്ത്രീയും തമ്മിൽ മഠവുമായി ബന്ധപ്പെട്ടുണ്ടിയിരുന്ന ചില തർക്കങ്ങൾ എന്നിവയൊക്കെയാകാം തിരിച്ചടിയായതെന്നാണ് പ്രോസിക്യഷൻ കണക്കുകൂട്ടന്നത്. അപ്രതീക്ഷിത വിധിയെന്നും ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്നുമായിരുന്നു പ്രോസിക്യൂഷന്‍റെ പ്രതികരണം. കേസുതന്നെ കെട്ടിച്ചമച്ചതാണെന്നും കന്യാസ്ത്രീമാരുടേത് കളളമൊഴിയാണെന്ന് തെളിഞ്ഞെന്നുമാണ് പ്രതിഭാഗം നിലപാട്. ബിഷപ്പിനെതിരായ വ്യക്തിവൈരാഗ്യം തീർക്കാനുളള ഗൂഡാലോചന പൊളിഞ്ഞെന്നും പ്രതിഭാഗം പ്രതികരിച്ചു.