ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. തുടർച്ചയായ രണ്ടാം ദിവസവും രോഗികളുടെ എണ്ണം രണ്ടര ലക്ഷം പിന്നിട്ടു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 43,211 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കർണാടകയിൽ ഇന്നലെ 28,723 പേർക്കും, തമിഴ്‌നാട്ടിൽ 23,459 പേർക്കും, ബംഗാളിൽ 22,645 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. ചെന്നൈയിൽ മാത്രം 8963 പേരിലാണ് രോഗം കണ്ടെത്തിയത്. നാളെ തമിഴ്നാട്ടിൽ സമ്പൂർണ ലോക്ക്ഡൗണാണ്. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ജാഗ്രത തുടരണമെന്നും, എല്ലാവരും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശം നൽകി.
ഡൽഹിയിൽ പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞെങ്കിലും പോസറ്റീവിറ്റി നിരക്ക് 30 ശതമാനം ആയി ഉയർന്നു. ഡൽഹിയിൽ ഇന്നും നാളെയും വാരാന്ത്യ കർഫ്യൂ നിയന്ത്രണങ്ങൾ നടപ്പിലാക്കും. ജനങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം എന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇതിനിടെ രണ്ട് കോവിഡ് തരംഗങ്ങളിലും മരണങ്ങൾ കുറച്ചു കാണിച്ചെന്ന ആരോപണങ്ങൾ കേന്ദ്ര സർക്കാർ തള്ളി. സംസ്ഥാനങ്ങൾ നൽകിയ വിവരങ്ങൾ കേന്ദ്ര സർക്കാർ സമാഹരിക്കുകയായിരുന്നു എന്നും കേന്ദ്രം വ്യക്തമാക്കി.