തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഇക്കുറി എ പ്ലസ് സ്വന്തമാക്കണമെങ്കില്‍ ഓരോ പാഠപുസ്തകവും പൂര്‍ണമായി പഠിച്ചിരിക്കണം.മുന്‍ വര്‍ഷം ഫോക്കസ് ഏരിയയില്‍ നിന്നുള്ള ചോദ്യങ്ങളായിരുന്നു വാര്‍ഷിക പരീക്ഷയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത്തവണ ഫോക്കസ് ഏരിയയില്‍ നിന്നും പരീക്ഷയ്ക്ക് 70 ശതമാനം ചോദ്യങ്ങളാവും. 30 ശതമാനം ഫോക്കസ് ഏരിയയ്ക്ക് പുറത്തു നിന്നുമുള്ളതായിരിക്കും.
20 ശതമാനം ചോദ്യങ്ങള്‍ ഫോക്കസ് ഏരിയ ഉള്‍പ്പെടെയുള്ള മുഴുവന്‍ പാഠഭാഗങ്ങളില്‍ നിന്നുമായിരുന്നു. ഇത്തവണ 60 ശതമാനം പാഠഭാഗങ്ങളാണ് ഫോക്കസ് ഏരിയയില്‍. ഇതില്‍ നിന്ന് 70 ശതമാനം ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അവശേഷിക്കുന്ന 30 ശതമാനം പൂര്‍ണമായും ഫോക്കസ് ഏരിയക്ക് പുറത്തുനിന്നുമായിരിക്കും.
ഫോക്കസ് ഏരിയയില്‍ നിന്നും മാത്രം ചോദ്യങ്ങള്‍ ഉണ്ടായിരുന്ന കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തില്‍ ഉണ്ടായ വന്‍ വര്‍ധന പ്ലസ് വണ്‍, ബിരുദ പ്രവേശനത്തില്‍ പ്രതിസന്ധി ഉണ്ടാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഈ വര്‍ഷം മാറ്റം.
കഴിഞ്ഞ വര്‍ഷം 40 ശതമാനം പാഠഭാഗങ്ങളായിരുന്നു ഫോക്കസ് ഏരിയയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഉത്തരമെഴുതേണ്ടതിന്റെ ഇരട്ടി മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. 80 ശതമാനം ചോദ്യങ്ങളും ഫോക്കസ് ഏരിയയില്‍ നിന്നായിരുന്നു.