തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളുടെ പ്രവർത്തനം സംബന്ധിച്ചുള്ള വിശദമായ മാർഗ രേഖ മറ്റന്നാൾ പുറത്തിററക്കും. ഒന്ന് മുതൽ ഒൻപത് വരെ ഉള്ള ക്ലാസുകൾ 21 മുതൽ രണ്ടാഴ്ച്ച അടച്ചിടാനാണ് തീരുമാനം. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകൾ ഓഫ് ലൈൻ ആയി തുടരും. ക്ലാസ് സമയവും എത്ര കുട്ടികളെ പ്രവേശിപ്പിക്കണം എന്നതും മാർഗ്ഗ രേഖയിൽ പറയും.
അതേസമയം കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായിസർക്കാർ ഓഫിസുകളിൽ ജോലി ചെയ്യുന്ന ഗർഭിണികൾക്ക് വർക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കാനും തീരുമാനമായിട്ടുണ്ട്. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേതുൾപ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓൺലൈൻ ആയി നടത്തേണ്ടതാണെന്നും കൊവിഡ് ്‌വലോകന യോഗത്തിൽ തീരുമാനമായി.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ൽ കൂടുതലുള്ള ജില്ലകളിൽ സാമൂഹ്യ, സാംസ്‌കാരിക, സാമുദായിക പരിപാടികൾക്കും വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയുടേത് പോലെ 50 പേരായി പരിമിതപ്പെടുത്തും. കൂടുതൽ പേർ പങ്കെടുക്കേണ്ട നിർബന്ധിത സാഹചര്യങ്ങളിൽ പ്രത്യേക അനുവാദം വാങ്ങണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ൽ കൂടുതൽ വന്നാൽ പൊതുപരിപാടികൾ നടത്താൻ അനുവദിക്കില്ല.