ന്യൂഡൽഹി: കൂനൂരില്‍ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തും പത്നിയും ഉൾപ്പെടെ 14 പേർ മരിച്ച ഹെലികോപ്ടർ അപകടത്തിലെ അന്വേഷണ റിപ്പോർട്ട് പുറത്ത്. അട്ടിമറിയോ, യന്ത്രതകരാറോ പൈലറ്റിന്റെ പിഴവോ കാരണമല്ല അപകടം നടന്നതെന്നാണ് റിപ്പോർട്ട്. അപ്രതീക്ഷിതമായി കാലാവസ്ഥ മാറിയതാണ് അപകടത്തിന് ഇടയാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
കാലാവസ്ഥാ മാറ്റത്തെ തുടർന്ന് ഹെലികോപ്റ്റർ മേഘങ്ങൾക്ക് ഉള്ളിലേക്ക് കയറിയത് അപകടത്തിനിടയാക്കിയെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
മൂന്നു സേനകളുടെയും സംയുക്ത സംഘം നടത്തിയ അന്വേഷണം പൂർത്തിയായിരുന്നു. എയർമാർഷൽ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള സംയുക്ത സേനാ സംഘമാണ് അന്വേഷണം നടത്തിയത്. ആർമിയിലും നേവിയിലുംനിന്നുള്ള ബ്രിഗേഡിയർ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥർകൂടിയാണ് സംഘത്തിലുണ്ടായിരുന്നത്.
അപകടസ്ഥലത്ത് നേരിട്ടെത്തി തെളിവു ശേഖരിച്ചും ഫ്ളൈറ്റ് ഡേറ്റാ റിക്കാർഡറും കോക്പിറ്റ് വോയിസ് റിക്കാർഡറും വിശദമായി പരിശോധിച്ചുമാണ് റിപ്പോർട്ട് തയാറാക്കിയത്.
ഡിസംബർ 8ന് ഉച്ചയോടെയാണ് ദുരന്തമുണ്ടായത്. ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റർ ഊട്ടിക്ക് അടുത്ത് കൂനൂരിൽ തകർന്നു വീഴുകയായിരുന്നു. വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ജനറൽ ബിപിൻ റാവത്തിനൊപ്പം അദ്ദേഹത്തിൻറെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു. ഇതിന് പുറമേ സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്.