തിരുവനന്തപുരം: സര്‍ക്കാരുമായി ഇടഞ്ഞു നില്ക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനുനയിപ്പിക്കാനുള്ള നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ചികിത്സാര്‍ത്ഥം അമേരിക്കയിലേക്ക് തിരിക്കുന്നത് മുന്‍പാണ് പിണറായി വിജയന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ഫോണില്‍ സംസാരിച്ചത്.
ഇന്ന് ഉച്ചയോടെയാണ് മുഖ്യമന്ത്രിയുടെ ഫോണ്‍ കോള്‍ രാജ്ഭവനിലേക്ക് എത്തിയത്. സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനം ഒഴിയരുതെന്ന് ഫോണിലൂടെ മുഖ്യമന്ത്രി ഗവര്‍ണറോട് ആവശ്യപ്പെട്ടു. ചികിത്സയ്ക്ക് വേണ്ടി താന്‍ വിദേശത്തേക്ക് പോകുന്ന കാര്യവും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. മുഖ്യമന്ത്രിയോട് ഫോൺ കോളിനോട് പോസീറ്റിവായിട്ടാണ് ഗവർണർ പെരുമാറിയതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ നൽകുന്ന സൂചന.
പിന്നീടു മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതനെ പ്രത്യേക ദൂതനായി ഗവർണറുടടെ അടുത്തേയ്ക്ക് അയച്ചു കത്തു കൈമാറി. സർവകലാശാലകളുടെ ചാൻസലറായി തുടരണമെന്ന് അഭ്യർഥിച്ചുള്ള കത്താണ് മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർക്കു കൈമാറിയത്. ഇക്കാര്യം ആവശ്യപ്പെട്ടുള്ള നാലാമത്തെ കത്താണിത്.
രണ്ടാഴ്ചയോളം നീളുന്ന ചികിത്സയ്ക്കായി ശനിയാഴ്ച പുലർച്ചെയാണ് പിണറായി വിജയൻ അമേരിക്കയിലെ മയോ ക്ലിനിക്കിലേക്കു പോകുന്നത്. പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിൽ ദുബായിയിലെത്തി അവിടെ നിന്നുള്ള കണക്ഷൻ ഫ്ളൈറ്റിൽ യുഎസിലേക്കു പോകുമെന്നാണു യാത്രാ വിവരം.
ഇതിനായി വൈകുന്നേരത്തോടെ തിരുവനന്തപുരത്തു നിന്നു കൊച്ചിയിലേക്കു മുഖ്യമന്ത്രി യാത്ര തിരിച്ചു. ഭാര്യ കമല, പേഴ്സണൽ അസിസ്റ്റന്റ് സുനീഷ് എന്നിവരും ഒപ്പമുണ്ട്.