ന്യൂഡൽഹി: ഒരേ റണ്‍വേയിൽനിന്ന് ഒരേ സമയം കുതിച്ചുയരാനിരുന്ന വിമാനങ്ങളുടെ ടേക്ക്ഓഫ് അവസാന നിമിഷത്തിൽ പിൻവലിച്ചതിലൂടെ വൻ അപകടം ഒഴിവായി. ദുബായിൽനിന്നും ഇന്ത്യയിലേക്കുള്ള രണ്ട് എമിറേറ്റ്സ് വിമാനങ്ങളാണ് അപകടത്തിൽനിന്നും രക്ഷപ്പെട്ടത്.
ദുബായില്‍ നിന്ന് ഹൈദരാബാദിലേക്ക് രാത്രി 9:45 ന് പുറപ്പെടുന്ന ഇ.കെ- 568 എന്ന വിമാനവും ദുബായില്‍ നിന്ന് ബെംഗളൂരു എമിറേറ്റ്സ് വിമാനവുമാണ് ടെക്ക് ഓഫിനായി ഒരേ റണ്‍വേയില്‍ എത്തിയത്.
ഇകെ-524 ദുബായി-ഹൈദരാബാദ് വിമാനം 30ആർ റണ്‍വേയിൽനിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനായി തയാറെടുക്കുന്പോൾ ഒരേ ദിശയിൽ ഇകെ-568വിമാനം അതിവേഗത്തിൽ കുതിക്കുന്നതായി ശ്രദ്ധയിൽപ്പെടുകയും ടേക്ക് ഓഫ് പിൻവലിക്കാൻ എടിസി നിർദ്ദേശിക്കുകയുമായിരുന്നു.
എടിസി നിർദ്ദേശത്തെത്തുടർന്ന് ഉടൻ തന്നെ സുരക്ഷിതമായി വിമാനം എൻ4 ടാക്സിവേയിലെത്തിക്കാൻ സാധിച്ചതായി യുഎഇ ഏവിയേഷനിലെ ഉന്നതഉദ്യോഗസ്ഥർ അറിയിച്ചു.
സംഭവത്തെക്കുറിച്ച് യുഎഇ ഏവിയേഷന്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയായ ദി എയര്‍ ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ സെക്ടര്‍ (എഎഐഎസ്) അന്വേഷണം ആരംഭിച്ചു. ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൃത്യസമയത്ത് ഹൈദരാബാദ് വിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കിയതിനാല്‍ വന്‍ അപകടം ഒഴിവായെന്ന് എമിറേറ്റ്സ് എയര്‍ വക്താവ് എഎന്‍ഐയോട് പറഞ്ഞു. ജീവനക്കാര്‍ക്കെതിരെ ആഭ്യന്തര അന്വേഷണവും ആരംഭിച്ചു. പ്രാഥമിക റിപ്പോര്‍ട്ട് അനുസരിച്ച് എടിസി ക്ലിയറന്‍സ് ഇല്ലാതെയാണ് ഹൈദരാബാദ് വിമാനം ടേക്ക് ഓഫിന് തയ്യാറെടുത്തത്.