കോട്ടയം: കോടതി വിധി വേദനാജനകമെന്ന് സിസ്റ്റർ ലൂസി കളപ്പുര. നീതി ദേവത കൊലചെയ്യപ്പെട്ടു. കേസിൽ ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട്. കുറ്റം ചെയ്തിട്ടുള്ള ആളാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. ഫ്രാങ്കോ മുളയ്ക്കൽ കുറ്റവിമുക്തനാണെന്ന് പ്രഖ്യാപിക്കുമ്പോൾ അത് ഉൾക്കൊള്ളാൻ കഴിയില്ല. കേരളത്തിനോ രാജ്യത്തിനോ അത് ഉൾക്കൊളളാൻ സാധിക്കില്ല.
ഒരു സ്ത്രീയുടെ നിസഹായത മനസിലാക്കാൻ കോടതിക്ക് കഴിയണം. കഴയുമെന്നുള്ള വിശ്വാസമുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് മുന്നോട്ടുള്ള പ്രയാണം തുടരുമെന്നും സിസ്റ്റർ ലൂസി കളപ്പുര വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയായിരുന്നു സിസ്റ്ററിൻ്റെ പ്രതികരണം. ബിഷപ്പ് കുറ്റം ചെയ്തെന്ന് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കോടതി വിധി പ്രസ്താവത്തിൽ പറഞ്ഞു.
കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. വിധി കേൾക്കാൻ കോടതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ, ഫിലിപ്പ്, ചാക്കോ എന്നീ സഹോദരൻമാർക്കൊപ്പം കോടതിയിൽ എത്തിയിരുന്നു. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജിതേഷ് ജെ ബാബു, അന്വേഷണ ഉദ്യോഗസ്ഥരായിരുന്ന ഡി വൈ എസ് പി കെ സുഭാഷ്, എസ്ഐ മോഹൻദാസ് എന്നിവരും കോടതിയിൽ ഹാജരായിരുന്നു.
ആഴ്ചകൾ നീണ്ട കന്യാസ്ത്രീകളുടെ തെരുവിലിറങ്ങിയുള്ള ചരിത്രസമരം, 105 ദിവസത്തെ രഹസ്യവിചാരണയിലൂടെയുള്ള വിസ്താരം, എല്ലാറ്റിനുമൊടുവിൽ നീതി ഇനിയും അകലെയാണ് അതിജീവിതയ്ക്ക്. നാലായിരത്തോളം പേജുകളുള്ള കുറ്റപത്രത്തിൽ പ്രധാനമായും ഏഴ് കുറ്റങ്ങളാണ് ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ പോലീസ് ചുമത്തിയത്.