തിരുവനന്തപുരം: പതിനൊന്നുവർഷത്തെ ഇടവേളയ്ക്കുശേഷം കെഎസ്ആർടിസിയിൽ പുതിയ ശമ്പളക്കരാർ ഒപ്പുവെച്ചു. ജീവനക്കാരുടെ ആനുകൂല്യങ്ങൾ വർധിപ്പിക്കുന്ന ശമ്പളക്കരാർ ഗതാഗത മന്ത്രി ആന്റണിരാജുവിൻ്റെ സാന്നിധ്യത്തിൽ സിഎം ഡി ബിജു പ്രഭാകറും ജീവനക്കാരുടെ സംഘടനാ പ്രതിനിധികളും ഒപ്പുവച്ചത്.
കുറഞ്ഞ അടിസ്ഥാനശമ്പളം 23,000 രൂപയും കൂടിയത് 1,05,300 രൂപയുമായിരിക്കും. ശരാശരി വർധന 6750 രൂപ. 2021 ജൂണിൽ ലഭിച്ചതിനെ അപേക്ഷിച്ച് 4700 രൂപ മുതൽ 16,000 രൂപയാണ് ജീവനക്കാർക്ക് കൂടുതലായി ലഭിക്കുക. പതിനൊന്നാം ശമ്പളക്കമ്മിഷൻ മാതൃകയിൽ മാസ്റ്റർ സ്കെയിലും നിശ്ചയിച്ചിട്ടുണ്ട്. നിലവിലെ കരാറിൻ്റെ കാലാവധി 2016-ൽ അവസാനിച്ചിരുന്നു. സംഘടനകളുമായുള്ള ചർച്ചകൾക്കുശേഷമാണ് പുതിയ കരാർ അംഗീകരിച്ചത്.
പരിഷ്‌ക്കരിച്ച അടിസ്ഥാന ശമ്പളത്തിൻ്റെ 4 ശതമാനം എന്ന നിരക്കിൽ കുറഞ്ഞത് 1,200 രൂപയും പരമാവധി 5,000 രൂപയും പ്രതിമാസം വീട്ടുവാടക അലവൻസ് നൽകും. ഫിറ്റ്മെന്റ് സർക്കാരിൽ നിശ്ചയിച്ചതുപോലെ 10 ശതമാനമാണ്. ഡിസിആർജി ഏഴു ലക്ഷത്തിൽ നിന്ന് പത്തു ലക്ഷം രൂപയായി വർധിപ്പിക്കും. 2021 ജൂൺ ഒന്നു മുതൽ പുതിയ സ്‌കെയിലിന് പ്രാബല്യം കണക്കാക്കും.
പ്രതിമാസം 20 ഡ്യൂട്ടി എങ്കിലും ചെയ്യുന്ന ഡ്രൈവർക്ക് ഒരു ഡ്യൂട്ടിക്ക് 50 രൂപ വീതവും 20ൽ അധികം ചെയ്യുന്ന ഓരോ ഡ്യൂട്ടിക്കും 100 രൂപ വീതവും കണക്കാക്കി ശമ്പളത്തോടൊപ്പം അധിക ബത്തയായി അനുവദിക്കും. വനിതാ ജീവനക്കാർക്ക് നിലവിലെ പ്രസവാവധിക്ക് (180 ദിവസം) പുറമേ ഒരു വർഷക്കാലത്തേക്ക് ശൂന്യവേതന അവധി അനുവദിക്കും. ഈ അവധി കാലയളവ് പ്രൊമോഷൻ, ഇൻക്രിമെന്റ്, പെൻഷൻ എന്നിവയ്ക്ക് പരിഗണിക്കും.
ഈ അവധി വിനിയോഗിക്കുന്നവർക്ക് പ്രതിമാസം 5,000 രൂപ ചൈൽഡ് കെയർ അലവൻസ് ആയി നൽകും. എല്ലാ വിഭാഗം ജീവനക്കാർക്കും, ഒഴിവുകളുടെ അടിസ്ഥാനത്തിൽ ഘട്ടംഘട്ടമായി പ്രൊമോഷൻ അനുവദിക്കും. നാല് ദേശീയ അവധികളും, പതിനൊന്ന് സംസ്ഥാന അവധികളും ഉൾപ്പെടെ ആകെ പതിനഞ്ച് അവധികളാണുണ്ടാവുക.
ഒരു ജീവനക്കാരന് നൽകാവുന്ന നിയന്ത്രിത അവധി നാലായി ഉയർത്തുകയും പ്രാദേശിക അവധി ഒന്നായി നിജപ്പെടുത്തുകയും ചെയ്യും. വെൽഫെയർ ഫണ്ട് ജീവനക്കാരുടെ പങ്കാളിത്തത്തോടെ കെഎസ്ആർടിസി എംപ്ലോയീസ് വെൽഫെയർ ഫണ്ട് ട്രസ്റ്റ് രൂപീകരിക്കും. ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടർ, ഫിനാൻഷ്യൽ അഡ്വൈസർ ആന്റ് ചീഫ് അക്കൗണ്ട്‌സ് ഓഫീസർ, ഗതാഗത വകുപ്പിൽ നിന്നും, ധനകാര്യ വകുപ്പിൽ നിന്നും സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന ഓരോ പ്രതിനിധികൾ, അംഗീകൃത തൊഴിലാളി സംഘടനകളുടെ ഓരോ പ്രതിനിധി എന്നിവർ ചേർന്നതായിരിക്കും ട്രസ്റ്റ്.
ട്രസ്റ്റിൻ്റെ ചെയർമാൻ കെഎസ്ആർടിസി ചെയർമാൻ ആന്റ് മാനേജിംഗ് ഡയറക്ടറും, ട്രഷറർ ഫിനാൻഷ്യൽ അഡൈ്വസർ ആന്റ് ചീഫ് അക്കൗണ്ട്‌സ് ഓഫീസറും ആയിരിക്കും. ട്രസ്റ്റിലേക്ക് ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പ്രതിമാസ വിഹിതം ഈടാക്കും. എല്ലാ വിഭാഗം ഹയർ ഡിവിഷൻ ഓഫീസർമാരും പ്രതിമാസം 300 രൂപയും എല്ലാ വിഭാഗം സൂപ്പർവൈസറി ജീവനക്കാരും പ്രതിമാസം 200 രൂപയും മറ്റുളള എല്ലാ വിഭാഗം ജീവനക്കാരും പ്രതിമാസം 100 രൂപയും വിഹിതം നൽകണം.
കോർപ്പറേഷൻ, വെൽഫെയർ ഫണ്ടിലേക്ക് നിക്ഷേപിക്കുന്ന മൂലധനത്തിനുപുറമെ മൂന്ന് കോടി രൂപ വാർഷിക ഫണ്ടായി ട്രസ്റ്റിൽ നിക്ഷേപിക്കും. ഫണ്ടിൽ നിന്ന് സാമ്പത്തിക ആനുകൂല്യം കൈപ്പറ്റാത്ത ജീവനക്കാർ വിരമിക്കുമ്പോഴോ മരണപ്പെടുകയോ ചെയ്താൽ ആകെ അടച്ച തുകയുടെ പകുതി പലിശരഹിതമായി തിരികെ നൽകും.
45 വയസ്സിന് മുകളിൽ താൽപര്യമുളള കണ്ടക്ടർ, മെക്കാനിക്കൽ വിഭാഗം ജീവനക്കാർക്ക് 50 ശതമാനം ശമ്പളത്തോടെ ഒരു വർഷം മുതൽ അഞ്ച് വർഷം വരെ അവധി അനുവദിക്കും. ഡ്രൈവർ-കം-കണ്ടക്ടർ എന്ന പുതിയ കേഡർ സൃഷ്ടിക്കും. നിലവിലെ അഡ്മിനിസ്‌ട്രേഷൻ സംവിധാനം വിഭജിച്ച് അഡ്മിനിസ്‌ട്രേഷൻ, അക്കൗണ്ട്‌സ് എന്നീ വിഭാഗങ്ങൾ രൂപീകരിക്കും.
മെക്കാനിക്കൽ വിഭാഗം പുന:സംഘടിപ്പിക്കും. മൂന്ന് വിഭാഗം ജീവനക്കാരുടെയും സ്പെഷ്യൽ റൂൾ വ്യവസ്ഥകൾ അംഗീകൃത തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്ത് തീരുമാനിക്കും. അപേക്ഷകൾ പരിഗണിച്ച് പമ്പ് ഓപ്പറേറ്റർ, ഡ്രൈവർ, ഡ്രൈവർ-കം-കണ്ടക്ടർ എന്നീ തസ്തികകളിൽ ഘട്ടംഘട്ടമായി ആശ്രിത നിയമനം നൽകും.
എം പാനൽഡ് ജീവനക്കാരുടെ പ്രശ്‌നങ്ങൾ പഠിച്ച് പരിഹാരം നിർദ്ദേശിക്കുന്നതിനായി മൂന്നംഗ ഉദ്യോഗസ്ഥ കമ്മറ്റിയെ ചുമതലപ്പെടുത്തും. ധനകാര്യ വകുപ്പും, സഹകരണ വകുപ്പുമായി കൂടിയോലോചിച്ച് സമയബന്ധിതമായി പെൻഷൻകാരുടെ പെൻഷൻ പരിഷ്‌ക്കരണം ഉൾപ്പെടെയുളള വിഷയങ്ങൾ പരിശോധിച്ച് അംഗീകൃത തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്ത് കരാറിന്റെ ഭാഗമാക്കും.
ഒരു വർഷം 190 ഫിസിക്കൽ ഡ്യൂട്ടികൾ ചെയ്യാത്ത ജീവനക്കാർക്ക് അടുത്ത പ്രമോഷൻ, ഇൻക്രിമെന്റ് എന്നിവ നൽകുവാൻ കഴിയില്ല. പെൻഷൻ കണക്കാക്കുന്നതിനും ഇത് ബാധകമായിരിക്കും. എന്നാൽ അർബുദ ചികിത്സ, വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, കരൾ മാറ്റിവയ്ക്കൽ, ഡയാലിസിസ്, ഹൃദയ ശസ്ത്രക്രിയ തുടങ്ങിയ ഗുരുതര സ്വഭാവമുളള അസുഖബാധിതർ, അപകടങ്ങൾ മൂലം അംഗഭംഗം വന്ന് ശയ്യാവലംബരായവർ, മാതാപിതാക്കൾ, ഭാര്യ / ഭർത്താവ്, മക്കൾ, സഹോദരങ്ങൾ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് അവധിയിൽ പ്രവേശിക്കുന്നവർ, സിവിൽ സർജൻ റാങ്കിൽ കുറയാത്ത മെഡിക്കൽ ഓഫീസർ നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർ, സ്റ്റാൻഡ്-ബൈ ഡ്യൂട്ടി യൂണിറ്റ് അധികാരികൾ അനുവദിക്കപ്പെടുന്നവർ എന്നിവർക്ക് വ്യവസ്ഥയിൽ ഇളവ് നൽകും.
ജീവനക്കാർ ഹാജരാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ആവശ്യമെങ്കിൽ കൂടുതൽ പരിശോധനയ്ക്കായി കെഎസ്ആർറ്റിസി രൂപീകരിക്കുന്ന മെഡിക്കൽ ബോർഡിലോ സർക്കാരിൻ്റെ മെഡിക്കൽ ബോർഡിലോ സമർപ്പിച്ച് അന്തിമ തീരുമാനം മാനേജ്മെന്റ് സ്വീകരിക്കും. തുടർച്ചയായി എട്ട് മണിക്കൂറിൽ കൂടുതലുളള ദീർഘദൂര സർവീസുകളിൽ ഘട്ടംഘട്ടമായി ഡ്രൈവർ – കം – കണ്ടക്ടർമാരെ നിയോഗിക്കും.
500 കിലോമീറ്ററിന് മുകളിലുളള ബാംഗ്ലൂർ സർവീസുകൾ പോലുളള അന്തർ സംസ്ഥാന സർവീസുകളിൽ യുക്തമായ ടെർമിനൽ കണക്കാക്കി ക്രൂ ചെയ്ഞ്ച് നടപ്പിലാക്കും. ഓപ്പറേറ്റിംഗ് സെന്ററുകളുടെ ചെലവുകൾ കുറയ്ക്കും. കെഎസ്ആർറ്റിസിയുടെ റിസർവേഷൻ കൗണ്ടറുകൾ മേജർ ഡിപ്പോകളിൽ മാത്രമായിരിക്കും. വരുമാനം വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി കമ്മീഷൻ വ്യവസ്ഥയിൽ ഡയറക്ട് ടിക്കറ്റ് സെല്ലിംഗ് ഏജന്റുമാരെ നിയോഗിക്കും.
ചെലവ് കുറയ്ക്കുന്നതിൻ്റെ ഭാഗമായി പരമാവധി ഓർഡിനറ്റി / ഫാസ്റ്റ് ബസ്സുകൾ സ്റ്റേ ബസ്സുകളാക്കും. ബസ്സുകൾ സ്റ്റേ ചെയ്യുന്ന സ്ഥലത്ത് എത്തുവാൻ ഡ്രൈവർക്കും കണ്ടക്ടർക്കും ഓരോ കിലോമീറ്ററിന് 2.50 രൂപ കിലോമീറ്റർ അലവൻസ് നൽകും. എന്നാൽ 50 കിലോമീറ്ററിന് മുകളിൽ ആണെങ്കിൽ സ്റ്റേ അലവൻസ്സായി അനുവദിക്കുന്ന തുക കാലാകാലങ്ങളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്ത് തീരുമാനിക്കും.
കെഎസ്ആർറ്റിസിയിൽ നിന്ന് പിരിഞ്ഞുപോയ പരിചയ സമ്പന്നരായ ജീവനക്കാരെ ബോഡി ബിൽഡിംഗ്, ലൈറ്റ് മോട്ടോർ വെഹിക്കിളുകളുടെ അറ്റകുറ്റപ്പണികൾ, സ്പെയർ പാർട്‌സ് കടകൾ, മറ്റ് സംരംഭങ്ങൾ എന്നീ ജോലികൾക്കായി കെഎസ്ആർറ്റിസിയുടെ പങ്കാളിത്തം ഇല്ലാത്ത പ്രത്യേക ലേബർ സൊസൈറ്റി മുഖേന പുനരധിവസിപ്പിക്കുന്നതിന് പദ്ധതി ഒരുക്കും.
ഒരു ജീവനക്കാരൻ / ജീവനക്കാരി കൃത്യനിർവഹണത്തിനിടയിൽ അപകടംമൂലം മരണമടഞ്ഞാൽ മരണാനന്തര ചെലവിന് നൽകുന്ന തുക നിലവിലെ 10,000 രൂപയിൽ നിന്നും 50,000 രൂപയായി വർദ്ധിപ്പിക്കും. കൃത്യനിർവഹണത്തിനിടയിൽ അല്ലാതെ സംഭവിക്കുന്ന മരണത്തിന് മരണാനന്തര ചെലവിന് നല്കുന്ന തുക 2,000 രൂപയിൽ നിന്ന് 5,000 രൂപയായി വർദ്ധിപ്പിക്കും.