കോട്ടയം: വിധി നിര്‍ഭാഗ്യകരമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ എസ് പി ഹരിശങ്കര്‍. ഇന്ത്യന്‍ നീതിവ്യവസ്ഥയിലെ അത്ഭുതമാണ് വിധി. അതിജീവിതയുടെ മാനസികാവസ്ഥ പരിഗണിക്കാത്ത വിധിയാണിത്. പ്രതി മേലധികാരിയായാല്‍ പരാതി വൈകുക സ്വാഭാവികം. സാക്ഷികളും മെഡിക്കല്‍ തെളിവുകളും അനുകൂലമായിട്ടും തിരിച്ചടിയായത് പരിശോധിക്കും.
ആശ്ചര്യകരമായ വിധിയാണ് കോടതിയിൽ നിന്നുണ്ടായതെന്നും അപ്പീൽ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരുമായി ആലോചിച്ച് അപ്പീൽ പോകുമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടറും ആവർത്തിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് അനുകൂലമായ വിധി പ്രതീക്ഷിച്ചിരുന്നില്ലന്ന് പബ്ലിക് പ്രോസിക്യൂട്ടറും വ്യക്തമാക്കി.
കൃത്യമായ മെഡിക്കൽ തെളിവുകളടക്കമുള്ള ഒരു റേപ്പ് കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കിയ കോടതി നടപടി അംഗീകരിക്കാനാകില്ലെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ്റെ ആദ്യ പ്രതികരണം. ഈ കേസിൽ ഇരയുടെ കൃത്യമായ മൊഴിയുണ്ട്. സമയ താമസമുണ്ടായി എന്നത് മാത്രമാണ് തിരിച്ചടിയായുണ്ടായത്.
സഭക്കുള്ളിൽ വിഷയം തീർക്കാൻ ശ്രമിച്ചതിനാലാണ് സമയ താമസവുമുണ്ടായത്. താൻ ജീവിച്ചിരിക്കണോ എന്നത് പോലും ബിഷപ്പിനെ ആശ്രയിച്ചിരിക്കുമെന്ന അവസ്ഥയിൽ നിന്നാണ് ഇര ബിഷപ്പിനെതിരെ മൊഴി നൽകിയതെന്നും അതിനെ കോടതി വിശ്വാസത്തിലെടുക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.