കോട്ടയം: കുറ്റവിമുക്തനാക്കപ്പെട്ട വിധി കേട്ട് ഫ്രാങ്കോ മുളയ്ക്കൽ കോടതി മുറിയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട് അഭിഭാഷകരെ കെട്ടിപ്പിടിച്ചു. ദൈവത്തിന് സ്തുതിയെന്ന് മാത്രമായിരുന്നു പ്രതികരണം. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്ക് കോടതി വളപ്പിൽ വച്ച് മാധ്യമങ്ങളോട് ഒന്നും പ്രതികരിച്ചില്ല. കൈ കൂപ്പുകയും കാറിൽ ഇരുന്ന് കൊണ്ട് ഇരു കൈകളും മുകളിലേക്ക് ഉയർത്തി കാണിക്കുകയും മാത്രമാണ് ഫ്രാങ്കോ ചെയ്തത്.
ബിഷപ്പിനെ വെറുതെ വിട്ടുവെന്ന വിധിയെ മുദ്രാവാക്യം വിളികളോടെയാണ് അനുയായികള്‍ എതിരേറ്റത്. ബിഷപ്പ് ഫ്രാങ്കോയെ കള്ളക്കേസ് എടുത്ത് പീഡിപ്പിക്കുകയായിരുന്നു എന്നും ഇവര്‍ അഭിപ്രായപ്പെട്ടു. കോടതി വളപ്പില്‍ മധുരവിതരണവും നടത്തി. അതിനിടെ, കോടതി വിധി പുറത്തുവന്നയുടന്‍ ജലന്ധര്‍ രൂപത ബിഷപ്പിനൊപ്പം നിന്നവര്‍ക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ടുള്ള വാര്‍ത്താക്കുറിപ്പും കോട്ടയത്ത് വിതരണം ചെയ്തു. ജലന്ധര്‍ രൂപത പിആര്‍ഒയുടെ വാര്‍ത്താക്കുറിപ്പാണ് വിതരണം ചെയ്തത്.
കേസില്‍ ഫ്രാങ്കോ നിരപരാധിയാണെന്ന് സഭയ്ക്ക് ഉറപ്പുണ്ടായിരുന്നു എന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി ഗോപകുമാര്‍ ആണ് വിധി പ്രസ്താവിച്ചത്. 105 ദിവസത്തെ വിസ്താരത്തിനുശേഷമാണ് കേസില്‍ വിധി പ്രസ്താവിച്ചത്. ഫ്രാങ്കോയ്‌ക്കെതിരെ ചുമത്തിയ ഏഴു കുറ്റങ്ങളും നിലനില്‍ക്കില്ലെന്ന് പ്രസ്താവിച്ച കോടതി ബിഷപ്പിനെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടു.