ശ്രീലങ്കയിലെ പ്രമുഖ പൗരാവകാശ അഭിഭാഷകനായ ഹിജാസ് ഹിസ്ബുള്ള, തീവ്രവാദ വിരുദ്ധ കുറ്റം ചുമത്തി ഏകദേശം 20 മാസമായി ജയിലിൽ കഴിയുകയാണ്. വിദ്വേഷ പ്രസംഗം നടത്തിയെന്നും സാമുദായിക പൊരുത്തക്കേടുണ്ടാക്കിയെന്നും ആരോപിച്ചാണ് ഹിസ്ബുള്ളയെ ജയിലിൽ അടച്ചിരിക്കുന്നത്. ഹിസ്ബുള്ള മുസ്ലീം യുവാക്കൾക്ക് ക്രിസ്ത്യൻ സമുദായത്തിനെതിരെ പ്രേരിപ്പിക്കുന്ന പ്രസംഗം നടത്തിയെന്ന് സർക്കാർ ആരോപിക്കുന്നു.
ന്യൂനപക്ഷ മുസ്ലീം സമുദായത്തിൽ നിന്നുള്ള ഹിസ്ബുള്ള, 2021 ഏപ്രിലിൽ കുറ്റം ചുമത്തുന്നതിന് മുമ്പ് ഒരു വർഷത്തിലധികമായി അന്യായമായി ജയിലിൽ കിടന്നു. ഇതിന് ശേഷം മാത്രമാണ് കുറ്റം ചുമത്തിയത്. അതിനുശേഷം അദ്ദേഹം ജയിലിൽ തുടരുകയാണ്.
എന്നാൽ, ഹിസ്ബുള്ളയുടെ ഭാര്യ മാരാം ഖലീഫ ആരോപണങ്ങൾ ശക്തമായി നിരസിക്കുന്നു. അദ്ദേഹം വിമർശനങ്ങൾ തുറന്നുപറയുന്നവനായിരുന്നു. മുസ്ലീം അവകാശങ്ങളും പൊതുവെ ന്യൂനപക്ഷ അവകാശങ്ങളും സംരക്ഷിക്കുന്നതിൽ വളരെ സജീവമായിരുന്നു. തന്റെ ഭർത്താവിനെതിരായ ആരോപണങ്ങൾ വംശീയതയ്‌ക്കെതിരെയും വിവേചനത്തിനെതിരെയും സംസാരിക്കാൻ ആഗ്രഹിക്കുന്ന ആർക്കും ഒരു സന്ദേശമാണ് – അവർ പറഞ്ഞു.
പ്രാദേശിക ഇസ്ലാമിസ്റ്റുകൾ നടത്തിയ 2019 ഈസ്റ്റർ ഞായർ ചാവേർ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ടാണ് ഹിസ്ബുള്ളയെ ആദ്യം അറസ്റ്റ് ചെയ്തത്. തുടക്കത്തിൽ, ബോംബർമാരിൽ ഒരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. ഇതിന് കാരണമായി പറഞ്ഞിരുന്നത് ശ്രീലങ്കയിലെ തന്നെ അറിയപ്പെടുന്ന സുഗന്ധവ്യഞ്ജന വ്യാപാരിയായ അക്രമിയുടെ പിതാവിന്റെ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട രണ്ട് സിവിൽ കേസുകളിൽ അഭിഭാഷകനായ ഹിസ്ബുള്ള ഹാജരായതായിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് വന്നതോടെ പ്രോസിക്യൂഷൻ കേസ് ഉപേക്ഷിച്ചു.
സർക്കാരിന്റെ കടുത്ത വിമർശകനായ ഹിസ്ബുള്ളയെ കഴിഞ്ഞ വർഷം ആംനസ്റ്റി ഇന്റർനാഷണൽ വിശേഷിപ്പിച്ചത് “മനസ്സാക്ഷിയുടെ തടവുകാരൻ” എന്നാണ്. ഹിസ്ബുള്ളയുടെ അറസ്റ്റിന് പിന്നിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ നടക്കുന്ന പീഡനങ്ങളുടെ ഭാഗമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു.
രാജ്യത്തെ 22 ദശലക്ഷം ജനങ്ങളിൽ 10% ൽ താഴെ മാത്രമാണ് മുസ്ലീങ്ങൾ. പ്രധാനമായും സിംഹള ബുദ്ധമതക്കാരായ ആളുകളാണ് ജനസംഖ്യയിൽ ഭൂരിഭാഗവും. അത്കൊണ്ട് തന്നെ ന്യൂനപക്ഷമായ മുസ്ലിങ്ങൾക്കും ക്രിസ്ത്യൻ വിഭാഗങ്ങൾക്കും നേരെയുള്ള വംശീയ വിദ്വേഷ നടപടികൾ ആഴത്തിൽ വേരോടുകയാണ്.
മറ്റൊരു ന്യൂനപക്ഷമായ തമിഴ് സമുദായത്തിന് പ്രത്യേക മാതൃരാജ്യത്തിനായി പോരാടുന്ന തമിഴ് പുലികളാണ്. സർക്കാരും തമിഴ് പുലികളുടെ മൂന്ന് പതിറ്റാണ്ടോളം നീണ്ട യുദ്ധത്തിൽ മുസ്ലീങ്ങൾ സർക്കാരിന്റെ സഖ്യകക്ഷികളായിരുന്നു. എന്നാൽ 2009 മെയ് മാസത്തിൽ തമിഴ്പുലികളുടെ പരാജയത്തോടെ യുദ്ധം അവസാനിച്ചതോടെ ഭൂരിപക്ഷ സിംഹളരിൽ ഒരു വിഭാഗത്തിന്റെ മനോഭാവം മാറിയെന്ന് മുസ്ലീം നേതാക്കൾ പറയുന്നു.
ഈസ്റ്റർദിന ആക്രമണം നടക്കുന്നതിന് മുമ്പ് തന്നെ സിംഹള വംശീയ ആൾക്കൂട്ടം വീടുകളും വ്യാപാര സ്ഥാപനങ്ങളും ലക്ഷ്യമിട്ട് മുസ്ലീം വിരുദ്ധ കലാപങ്ങൾ നടത്തിയിട്ടുണ്ടെന്ന് അവകാശ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. ഈസ്റ്റർദിന ആക്രമണം മുസ്ലിംങ്ങളെ നേരിടാനുള്ള ഒരു കാരണം മാത്രമായിരുന്നു. ആക്രമണത്തിന് ആഴ്ചകൾക്ക് ശേഷം, മുസ്ലീം സ്വത്തുക്കളും പള്ളികളും സിംഹള ജനക്കൂട്ടം നശിപ്പിക്കുകയും വിദ്വേഷ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തു. മുസ്ലീം സമുദായത്തെ പൈശാചികവൽക്കരിക്കുകയും മുസ്ലീം കടകൾ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു.
പ്രതിരോധ സെക്രട്ടറി എന്ന നിലയിൽ തമിഴ് വിമതർക്കെതിരായ യുദ്ധശ്രമങ്ങൾക്ക് നേതൃത്വം നൽകിയ നിലവിലെ പ്രസിഡന്റ് ഗോതബയ രാജപക്‌സെ, സിംഹള ബുദ്ധ ദേശീയവാദികളുടെ ശക്തമായ പിന്തുണയോടെ 2019 നവംബറിൽ അധികാരത്തിലെത്തിയത് ഇത്തരം ശക്തികൾക്ക് കരുത്ത് പകർന്നു.
ഇസ്ലാമിക തീവ്രവാദികളിൽ നിന്ന് രാജ്യത്തിന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് വോട്ട് നിലനിറുത്താൻ അവർ ഇത്തരം സംഭവങ്ങൾ ഉപയോഗിക്കുന്നത് സർക്കാരിനെ സംബന്ധിച്ചിടത്തോളം ഇത് ഒരു തുറുപ്പുചീട്ടാണ് – മുസ്ലീം കൗൺസിൽ ഓഫ് ശ്രീലങ്കയിൽ നിന്നുള്ള ഹിൽമി അഹമ്മദ് പറയുന്നു.
കോവിഡ് പകർച്ചവ്യാധിയുടെ സമയത്ത്, ന്യൂനപക്ഷ മുസ്ലീം, ക്രിസ്ത്യൻ സമുദായങ്ങളിൽ നിന്നുള്ള കോവിഡ് ബാധിതരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ സർക്കാർ അനുവദിച്ചിരുന്നില്ല. കൃത്യമായ സുരക്ഷാ സംവിധാനങ്ങളോടെ മൃതദേഹങ്ങൾ സംസ്‌കരിക്കാമെന്ന് വിദഗ്ധർ പറഞ്ഞിട്ടും നിരവധി മൃതദേഹങ്ങൾ സർക്കാർ തന്നെ നിർബന്ധിതമായി സംസ്‌കരിച്ചു.
മൃതദേഹം ദഹിപ്പിക്കുന്നത് ഇസ്ലാമിൽ നിഷിദ്ധമാണ് എന്നിരിക്കെ മൃതദേഹങ്ങൾ എല്ലാം സർക്കാർ കൂട്ടിയിട്ട് ദഹിപ്പിക്കുകയായിരുന്നു. മൃതദേഹം കുഴിച്ചിട്ടാൽ അത് ഭൂഗർഭജലത്തെ മലിനമാക്കുമെന്ന മണ്ടൻ വാദമാണ് ഇതിന് കാരണമായി ഉദ്യോഗസ്ഥർ ഉന്നയിച്ചിരുന്നത്. ന്യൂനപക്ഷങ്ങളിൽ നിന്നും അവകാശ ഗ്രൂപ്പുകളിൽ നിന്നുമുള്ള പ്രതിഷേധങ്ങളെ തുടർന്ന്, കഴിഞ്ഞ വർഷം കിഴക്കൻ ശ്രീലങ്കയിൽ കോവിഡ് ബാധിതരെ സംസ്കരിക്കാൻ സർക്കാർ ഒരു നിയുക്ത സ്ഥലം അനുവദിച്ചു.
ദേശീയ സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ബുർഖ ധരിക്കുന്നതും മറ്റെല്ലാ തരത്തിലുള്ള മുഖം മൂടുന്നതും നിരോധിക്കണമെന്ന നിർദ്ദേശവുമായി സർക്കാർ കഴിഞ്ഞ വർഷവും രംഗത്തെത്തിയിരുന്നു. ബുർഖ മതതീവ്രവാദത്തിന്റെ അടയാളമാണ് എന്നായിരുന്നു ഒരു മന്ത്രി പ്രചരിപ്പിച്ചിരുന്നത്.
ദേശീയ വിദ്യാഭ്യാസ നയം ലംഘിക്കുന്നതായി സർക്കാർ ആരോപിച്ച 1,000-ലധികം ഇസ്‌ലാമിക മത വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുള്ള ഒരു പദ്ധതിയും പ്രഖ്യാപിച്ചു. യുദ്ധാനന്തര കാലഘട്ടത്തിൽ മുസ്ലീങ്ങൾ പുതിയ ശത്രുവായി മാറിയെന്ന് മനുഷ്യാവകാശ അഭിഭാഷക ഭവാനി ഫൊൻസേക പറയുന്നു.
മുസ്ലീം സമുദായം ആക്രമിക്കപ്പെടുന്ന നിരവധി സംഭവങ്ങൾ ഞങ്ങൾ കണ്ടിട്ടുണ്ട്. സമുദായം ഉപരോധത്തിലാണെന്ന് ഞാൻ പറയും – അവർ പറഞ്ഞു.
എന്നാൽ മുസ്ലീം സമുദായത്തോട് അവർ അന്യായമായി പെരുമാറുന്നുവെന്ന ആരോപണം സർക്കാർ തള്ളിക്കളയുന്നു. ഒരു സമുദായത്തോടും വിവേചന നയമില്ല. എന്നാൽ സിംഹളർ ഉൾപ്പെടെ എല്ലാ സമുദായങ്ങളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുണ്ടാകാം എന്ന വസ്തുത ഞാൻ സമ്മതിക്കുന്നു – ശ്രീലങ്കൻ ഗവൺമെന്റിന്റെ ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ മോഹൻ സമരനായകെ പറയുന്നു.
ഈസ്റ്റർ ദിനത്തിൽ നടന്ന സ്ഫോടനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളെ മുസ്ലീം യുവാക്കളെ തീവ്രവൽക്കരിക്കാൻ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് മദ്രസകൾ അടച്ചുപൂട്ടാൻ തീരുമാനം നൽകിയതെന്നും അദ്ദേഹം പറയുന്നു.
എല്ലാ സമുദായങ്ങൾക്കും ഏകീകൃത നിയമ കോഡ് കൊണ്ടുവരാനുള്ള സമീപകാല ശ്രമങ്ങളും സർക്കാർ ചില വിവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. നിയമ പരിഷ്‌കാരങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞ നവംബറിൽ പ്രസിഡന്റ് രാജപക്‌സെ നിയോഗിച്ച “ഒരു രാജ്യം, ഒരു നിയമം” എന്ന ടാസ്‌ക് ഫോഴ്‌സ് ന്യൂനപക്ഷ സമുദായങ്ങളെ ലക്ഷ്യമിട്ടുള്ളതാണെന്ന് വിമർശകർ പറയുന്നു.
ന്യൂനപക്ഷങ്ങൾക്കും ഭൂരിപക്ഷം സിംഹളർക്കും വേണ്ടിയുള്ള വിവാഹവും അനന്തരാവകാശവും സംബന്ധിച്ച പ്രത്യേക നിയമങ്ങൾ പരിശോധിക്കാനും ഏകീകൃത നിയമങ്ങൾക്കായി ശുപാർശകൾ നൽകാനും ടാസ്‌ക്‌ഫോഴ്‌സിന് നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ, കമ്മിറ്റിയുടെ തലവനായി ഗലഗോഡ അത്തെ ജ്ഞാനസാരയെ നിയമിച്ചതും ന്യൂനപക്ഷങ്ങൾക്കിടയിൽ രോഷത്തിന് കാരണമായിട്ടുണ്ട്. ശ്രീലങ്കയിൽ വിഭാഗീയ പ്രവർത്തങ്ങൾക്കും വിദ്വേഷത്തിനും മുസ്‌ലിം, ന്യൂനപക്ഷ വിരുദ്ധതക്കും നേതൃത്വം നൽകുന്ന വ്യക്തിയെന്ന് ആരോപിക്കപ്പെടുന്ന വിവാദ ബുദ്ധ സന്യാസിയാണ് ജ്ഞാനസാര. അദ്ദേഹത്തെ തന്നെ ഇത്തരമൊരു ചുമതല ഏൽപ്പിച്ചതിന് പിന്നിലെ സർക്കാർ നയം എന്താണെന്ന് വ്യക്തമാണെന്ന് വിമർശകർ പറയുന്നു.
നിയമപരിഷ്കാരങ്ങൾ ഏറെക്കുറെ വൈകിയെന്നാണ് ജ്ഞാനസാര പറയുന്നത്. രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങൾ മാത്രമാണ് താൻ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മതപരമായ പ്രശ്‌നങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 500-ലധികം ക്രിസ്ത്യൻ ഗ്രൂപ്പുകൾ ഈ രാജ്യത്ത് പ്രവർത്തിക്കുന്നു. വഹാബിസവും സലഫിസവും പ്രോത്സാഹിപ്പിക്കുന്ന ഇസ്ലാമിക ഗ്രൂപ്പുകളുണ്ട്, അവർ ഈ രാജ്യത്തെ യുവാക്കളെ വഴിതെറ്റിക്കുന്നു – അദ്ദേഹം പറയുന്നു.
വിദേശനാണ്യ ശേഖരം കുറയുന്നതിനാൽ ശ്രീലങ്ക ഇതിനകം തന്നെ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഇറക്കുമതി നിയന്ത്രണങ്ങൾ ചില അവശ്യസാധനങ്ങളുടെ വില കഴിഞ്ഞ വർഷം 30% വരെ വർധിപ്പിച്ചു, ഇത് സിംഹള ബുദ്ധമതക്കാർക്കിടയിൽ പോലും സർക്കാരിനെ അപ്രീതിയാർജ്ജിക്കുന്നുണ്ട്. ഇതിൽ നിന്നെല്ലാം ശ്രദ്ധതിരിക്കാനാണ് മുസ്ലിം വിരുദ്ധ അജണ്ടയുമായി സർക്കാർ മുന്നോട്ട് പോകുന്നതെന്ന വാദവും ശക്തമാണ്.
ജ്ഞാനസാരയെ പോലെയുള്ളവർ ശത്രുപക്ഷത്ത് നിർത്തേണ്ടവരെ മുൻകൂട്ടി തീരുമാനിച്ചാണ് രാജ്യത്തിന് വേണ്ടി നിയമം ഉണ്ടാക്കാൻ പോകുന്നത്. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഒരു മതത്തിൽ വിശ്വസിച്ചതിന്റെ പേരിൽ സ്വന്തം ജനതയെ ആക്രമിക്കുന്ന രീതി ശ്രീലങ്കയ്ക്ക് എന്നല്ല ഒരു രാജ്യത്തിനും ഭൂഷണമാകില്ല.
ഇൻഫോർമേഷൻ സോഴ്സ്: ബിബിസി