കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ തൻ്റെ പേരിൽ പ്രചരിക്കുന്ന വാർത്തകളൊക്കെ വെറും കെട്ടുകഥകളാണെന്ന് നടി ഭാമ. പ്രചരിച്ച വാർത്തകളിൽ യാതൊരു വാസ്തവവുമില്ലെന്നും താനും കുടുംബവും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ഭാമ പറഞ്ഞു. ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയാണ് താരം ഈ വിവരം അറിയിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിയായ യുവനടി ആത്മഹത്യാശ്രമം നടത്തിയ വാർത്ത പുറത്തുവന്നിരുന്നു. ഇത് ഭാമയാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് പ്രതികരണവുമായി ഭാമ തന്നെ രംഗത്തെത്തിയത്.
ഭാമയുടെ കുറിപ്പ്:
‘കഴിഞ്ഞ കുറച്ചു ദിവസങ്ങളായി എൻ്റെ പേരിൽ ഒരുപാട് ആരോപണങ്ങളും കെട്ടുകഥകളും സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുകയാണ്. എന്നെയും എൻ്റെ കുടുംബത്തേയും പറ്റി അന്വേഷിച്ചവർക്കായി പറയട്ടെ… ഞങ്ങൾ ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എല്ലാ സ്നേഹത്തിനും നന്ദി.- ഭാമ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് കേസിലെ സാക്ഷിയായിരുന്ന യുവനടി ആത്മഹത്യാശ്രമം നടത്തിയതായി വാർത്ത വന്നത്. നടിയുടെ ആത്മഹത്യാശ്രമത്തിന് ദിലീപിന് എതിരായ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച് വിശദീകരിച്ചിരുന്നു. പ്രസവാനന്തരമുള്ള മാനസിക സമ്മർദമാണ് ആത്മഹത്യാശ്രമത്തിനു കാരണമെന്നായാരുന്നു സൂചനകൾ.
ദിലീപിന് എതിരായ പുതിയ വെളിപ്പെടുത്തലുകൾക്കു പിന്നാലെ കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുമെന്ന വാർത്തകൾ വന്നിരുന്നു. കൂറുമാറിയ ശേഷം സാക്ഷികളിൽ ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ടിലേയ്ക്കു വലിയ തുകയുടെ കൈമാറ്റം നടന്നിട്ടുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. അതിന് പിന്നാലെയുള്ള യുവനടിയുടെ ആത്മഹത്യാ ശ്രമം സംശയങ്ങൾ ഉയർത്തിയിരുന്നു.
2020 ജനുവരിയിലായിരുന്നു ഭാമയുടെയും അരുണിൻ്റെയും വിവാഹം. കോട്ടയത്ത് വച്ച് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടത്തിയ വിവാഹം ആ വർഷത്തെ ഏറ്റവും വലിയ താരവിവാഹങ്ങളിലൊന്നായി മാറി. ദുബായില്‍ ബിസിനസുകാരനായ അരുണ്‍ വിവാഹത്തോടെ നാട്ടില്‍ സെറ്റിലാവുകയായിരുന്നു. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവും അരുണും തമ്മിലുള്ള സൗഹൃദമായിരുന്നു വിവാഹം വരെ എത്തിയത്. കഴിഞ്ഞ വർഷം മാർച്ചിലാണ് ഇവർക്ക് കുഞ്ഞ് ജനിക്കുന്നത്.