പത്തനംതിട്ട: ശബരിമലയിൽ മകരവിളക്ക് ഇന്ന്. ആയിരക്കണക്കിന് ഭക്തർക്ക് ദർശന പുണ്യമായി സന്ധ്യയ്ക്ക് മകരവിളക്ക് തെളിയും. തിരുവാഭരണം ചാർത്തിയുള്ള ദീപാരാധനയ്ക്ക് ശേഷമാണ് പൊന്നമ്പലമേട്ടിലെ മകരജ്യോതി. തിരുവാഭരണ വിഭൂഷിതനായ അയ്യപ്പ സ്വാമിയെ തൊഴാനും ജ്യോതി ദർശിച്ച് സായൂജ്യം നേടാനുമായി നിരവധി ഭക്തരാണ് സന്നിധാനത്ത് എത്തിയിരിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങൾ കാരണം പർണശാലകൾ കെട്ടാൻ അനുവദിച്ചിട്ടില്ലെങ്കിലും സന്നിധാനത്തും പമ്പയിലും മാത്രമല്ല പൊന്നമ്പലമേട് കാണാവുന്ന സ്ഥലങ്ങളിലെല്ലാം മകരജ്യോതി ദർശനത്തിന് അയ്യപ്പഭക്തർ കാത്തിരിക്കുന്നു. പുല്ലുമേട്ടിൽ ദർശനത്തിന് അനുമതിയില്ല. ഉച്ചയ്ക്ക് 2.29 ന് ആണ് മകര സംക്രമ മുഹൂർത്തം. കവടിയാർ കൊട്ടാരത്തിൽ നിന്നുള്ള മുദ്രയിലെ നെയ്യ് സംക്രമ വേളയിൽ അഭിഷേകം ചെയ്യും.
പന്തളത്തു നിന്നുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.20 നു ശേഷം സന്നിധാനത്തെത്തും. തന്ത്രിയും മേൽശാന്തിയും തിരുവാഭരണങ്ങൾ ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തും. 6.30നും 6.45നും മധ്യേ ദീപാരാധന. തുടർന്നു പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. സുരക്ഷിതമായ ദർശനത്തിന് എല്ലാ സൗകര്യങ്ങളും പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ അറിയിച്ചു.
മകരവിളക്കിനെ തുടർന്ന് പത്തനംതിട്ട ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ഈ അവധി ബാധകമല്ല. മകരവിളക്ക് ദിവസം ഉണ്ടാകാനിടയുള്ള തീര്‍ഥാടകരുടെ തിരക്കും വാഹന തിരക്കും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്.