കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി നടൻ ദിലീപ് അടക്കം 5 പ്രതികൾ സമര്‍പ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് കെട്ടിച്ചമച്ചതാണെന്നാണ് ദിലീപിൻ്റെ വാദം. അന്വേഷണം പുരോഗമിക്കുകയാണെന്നും ദിലീപിനെ ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കേണ്ടതുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിക്കും.
ദിലീപുമായി ബന്ധപ്പെട്ട മൂന്നിടങ്ങളില്‍ ഇന്നലെ ക്രൈംബ്രാഞ്ച് നടത്തിയ ഏഴു മണിക്കൂര്‍ നീണ്ട റെയ്ഡില്‍ മൊബൈല്‍ ഫോണുകള്‍ അടക്കം ഉപകരണങ്ങള്‍ പിടിച്ചെടുത്തിരുന്നു. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിൻ്റെ കൈവശമുണ്ടെന്ന വെളിപ്പെടുത്തലിൻ്റെ പേരിലായിരുന്നു പരിശോധന. ഈ വിഷയം നിലനില്‍ക്കെയാണ് ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത്. ദിലീപിന് പുറമേ സഹോദരൻ അനൂപ്, സഹോദരീഭർത്താവ് സൂരജ് എന്നിവരുടെ ജാമ്യാപേക്ഷകളും കോടതിയുടെ പരിഗണനയിലുണ്ട്.
ഗൂഢാലോചന കേസിൽ പ്രതികളായ ദിലീപിൻ്റെ ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച ജാമ്യാപേക്ഷ പരിഗണിച്ച കോടതി ദിലീപിനെ അറസ്റ്റ് ചെയ്യരുതെന്ന് പോലീസിന് വാക്കാൽ നിർദ്ദേശം നൽകിയിരുന്നു. തനിക്കെതിരായ ഗൂഢാലോചന കേസ് കെട്ടിച്ചമച്ചതാണെന്നും പോലീസ് നടപടിക്ക് പിന്നിൽ ദുരുദ്ദേശം ഉണ്ടെന്നുമാണ് ദിലീപിൻ്റെ വാദം.