പാലക്കാട്: പാലക്കാട്ട് ഉമ്മിനിയിൽ ആൾത്താമസമില്ലാതെ അടഞ്ഞുകിടന്ന വീട്ടിൽനിന്ന് കണ്ടെത്തിയ രണ്ടു പുള്ളിപ്പുലി കുഞ്ഞുങ്ങളിൽ ഒന്നിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. തൃശൂർ അകമല ഫോറസ്റ്റ് സ്റ്റേഷനിലേക്കാണ് മാറ്റിയത്.
കഴിഞ്ഞ ദിവസം വനംവകുപ്പ് പുലിയെ പിടികൂടാൻ കൂട്ടിൽ വച്ചിരുന്ന പുലിക്കുഞ്ഞുങ്ങളിലൊന്നിനെ തള്ളപ്പുലി കൊണ്ടുപോയിരുന്നു. 15 വർഷമായി ആൾത്താമസമില്ലാത്ത വീട്ടിലാണ് പുലിയുടെ സാന്നിധ്യമുണ്ടായിരിക്കുന്നത്.
ഗുജറാത്തിൽ സ്ഥിര താമസമാക്കിയ മാധവൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. പ്രദേശവാസിയായ പൊന്നൻ എന്നയാളെ വീട് നോക്കാൻ ഏൽപ്പിച്ചിരുന്നു. രാവിലെ പൊന്നൻ എത്തിയപ്പോൾ വീടിനുള്ളിൽ ശബ്ദം കേട്ടു. നായയാണെന്ന് കരുതി ജനലിൽ തട്ടിയതോടെ തള്ളപ്പുലി ഇറങ്ങിയോടിയെന്ന് പൊന്നൻ പറഞ്ഞു.
പിന്നീട് നാട്ടുകാരെയും വനംവകുപ്പിനെയും വിവരമറിയിച്ച് നടത്തിയ പരിശോധനയിലാണ് വീടിനുള്ളിൽ കുഞ്ഞുങ്ങളെ കണ്ടെത്തിയത്.