തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പുതിയ ശമ്പളപരിഷ്ക്കരണക്കരാർ ഒപ്പുവച്ചു. ഇനി മുതൽ കെഎസ്ആർടിസി ജീവനക്കാർക്ക് 23,000 രൂപയാണ് കുറഞ്ഞ ശമ്പളം. പുതുക്കിയ ശമ്പളം ഫെബ്രുവരി മുതൽ കിട്ടും. ഡ്രൈവർമാർക്ക് അധിക ആനുകൂല്യം ലഭിക്കും. പെൻഷൻ പരിഷ്ക്കരണം ഉടൻ നടപ്പാക്കണമെന്ന് ഒപ്പുവയ്ക്കൽ ചടങ്ങിൽ സിഐടിയു ആവശ്യപ്പെട്ടു.
എല്ലാ വനിതാജീവനക്കാർക്കും നിലവിലുള്ള പ്രസവാവധിക്ക് പുറമേ ഒരു വർഷക്കാലത്തേക്ക് ശമ്പളമില്ലാത്ത അവധി കൂടി അനുവദിച്ചു. ഈ കാലയളവിൽ 5000 രൂപ നൽകും. ഒരു വർഷം കുറഞ്ഞത് 190 ഡ്യൂട്ടി ചെയ്യാത്തവർക്ക് ആനുകൂല്യങ്ങൾ കിട്ടില്ല. കഴിഞ്ഞ ജൂൺ മുതൽ മുൻകാല പ്രാബല്യത്തിലാണ് നടപ്പാക്കുന്നതെങ്കിലും കുടിശ്ശിക സാമ്പത്തികപ്രതിസന്ധി പരിഹരിക്കുമ്പോൾ മാത്രമേ നൽകൂ. 13% ഡിഎ അടിസ്ഥാനശമ്പളത്തോടൊപ്പം ലയിപ്പിച്ചു. പ്രതിമാസം 20 ഡ്യൂട്ടി ചെയ്യുന്ന ഡ്രൈവർമാർക്ക് ഒരു ഡ്യൂട്ടിക്ക് 50 രൂപ വീതവും 20-ൽ കൂടുതൽ ഡ്യൂട്ടിക്ക് ഓരോ ഡ്യൂട്ടിക്കും 100 രൂപയും അധികം നൽകും. പരമാവധി ഓർഡിനറി ഫാസ്റ്റ് ബസ്സുകൾ സ്റ്റേ ബസ്സുകളാക്കും.
കെഎസ്ആർടിസി ശമ്പള പരിഷ്കരണത്തിലെ നടപടിക്രമങ്ങൾ പൂർത്തിയായതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. ഡ്രൈവർ കം കണ്ടക്ടർ തസ്തിക സൃഷ്ടിക്കും. ജീവനക്കാർക്ക് നൽകിയ വാഗ്ദാനം നിറവേറ്റിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. സർക്കാർ നടപ്പാക്കിയ ശമ്പള പരിഷ്കരണത്തിന്റെ ചുവടു പിടിച്ചാണ് കെ എസ് ആർ ടി സി ശമ്പള പരിഷ്കരണം.
പുതുക്കിയ ശമ്പള പരിഷ്കരണം സർക്കാർ ഉത്തരവായി ഇറക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു കഴിഞ്ഞ ഡിസംബറിൽ അറിയിച്ചിരുന്നു. ജീവനക്കാർക്ക് 2022 ജനുവരി മാസത്തെ ശമ്പളത്തോടൊപ്പം പുതിയ അനുകൂല്യവും ലഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.