തെന്നിന്ത്യൻ സിനിമാ പ്രേമികളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് കഴിഞ്ഞ വർഷം താരദമ്പതിമാരായ സാമന്തയുടെയും നാഗചൈതന്യടെയും വിവാഹമോചന വാർത്തയെത്തിയത്. നാലുവർഷം നീണ്ട ദാമ്പത്യത്തിനൊടുവിലാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത്. വിഷയവുമായി ബന്ധപ്പെട്ട് ഇരുവരും മാധ്യമങ്ങളോട് കാര്യമായി പ്രതികരിച്ചിരുന്നില്ല. ഇപ്പോൾ ആദ്യമായി വിവാഹമോചന വാർത്തയെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നാഗചൈതന്യ. ആ സമയത്ത് എടുത്ത ഏറ്റവും മികച്ച പരിഹാരമായിരുന്നു വിവാഹമോചനമെന്നാണ് നാഗചൈതന്യ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
“അത് സാരമില്ല, ഞങ്ങൾ രണ്ടുപേരുടെയും വ്യക്തിപരമായ നന്മയ്ക്കുവേണ്ടി എടുത്ത തീരുമാനമായിരുന്നു അത്. സാമന്ത സന്തോഷവതിയാണെങ്കിൽ ഞാനും സന്തോഷവാനാണ്. ആ സാഹചര്യത്തിൽ ഏറ്റവും നല്ല തീരുമാനമായിരുന്നു അത്..” നാഗചൈതന്യ വ്യക്തമാക്കി. പുതിയ ചിത്രം ബൻഗരാജുവിൻ്റെ പ്രമോഷനിടെയാണ് താരത്തിൻ്റെ പ്രതികരണം.
.#NagaChaitanya FIRST Reaction on Divorce with #Samantha. pic.twitter.com/CLNVVAx6Ty
— A2Z ADDA (@a2zaddaofficial) January 12, 2022
കഴിഞ്ഞ ഒക്ടോബർ രണ്ടിനാണ് സാമന്തയും നാഗചൈതന്യയും വേർപിരിയുകയാണെന്ന കാര്യം സമൂഹ മാധ്യമങ്ങൾ വഴി അറിയിച്ചത്. നാല് വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിലായിരുന്നു വേര്‍പിരിയല്‍. 2018 ലായിരുന്നു ഇവരുടെ വിവാഹം. ജീവിത പങ്കാളികൾ എന്ന നിലയിൽ തങ്ങൾ വേർപിരിയുകയാണെന്നും ഏതാണ്ട് പത്ത് വർഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാർത്തയിൽ സ്ഥിരീകരണം അറിയിച്ച് താരങ്ങൾ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.
വിവാഹമോചനത്തിന് പിന്നാലെ സാമന്ത രൂക്ഷമായ സൈബര്‍ ആക്രമണത്തിന് ഇരയായി. അബോർഷനും അവിഹിത ബന്ധവും തുടങ്ങി വിവാഹമോചനത്തിൻ്റെ പേരിൽ സാമന്തയ്‌ക്കെതിരെ ഇല്ലാക്കഥകൾ കെട്ടിച്ചമച്ചവരും ഏറെയാണ്. തുടര്‍ന്ന് താന്‍ കടന്നുപോകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് താരം തുറന്നു പ്രതികരിച്ചിരുന്നു. എന്നാൽ അപ്പോഴൊന്നും വിവാഹമോചനത്തെക്കുറിച്ച് നാഗചൈതന്യ പ്രതികരിച്ചിരുന്നില്ല.