ഗോസിപ്പുകൾക്കും വ്യാജവാർത്തകൾക്കും ബോളിവുഡിൽ ഒട്ടും പഞ്ഞമില്ല. സിനിമ താരങ്ങളുമായി ബന്ധപ്പെട്ട എന്ത് വാർത്തക്കും പ്രേക്ഷകർ ഏറെയുള്ളതാകണം മുഖ്യധാരാ മാധ്യമങ്ങൾ അടക്കം നടീനടൻമാരെ കുറിച്ച് ഗോസിപ്പുകൾ പടച്ചുവിടാൻ കാരണം. നാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ബോളിവുഡ് താര ജോഡികളാണ് അര്‍ജുന്‍ കപൂറും മലൈക അറോറയും വേർപിരിയുന്നുവെന്ന വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഗോസിപ്പ് കോളങ്ങളിലെ പ്രധാന ചർച്ചാവിഷയം.
ബ്രേക്കപ്പിനെ തുടര്‍ന്ന് മലൈക കടുത്ത വിഷമത്തിലാണെന്നും വീട്ടില്‍ നിന്നു പുറത്തിറങ്ങിയിട്ടില്ല എന്നുവരെ റിപ്പോര്‍ട്ടുകള്‍ വന്നു. ഇപ്പോള്‍ ഇതാ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ടിരിക്കുകയാണ് അര്‍ജുന്‍ കപൂര്‍. മലൈകയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് പാപ്പരാസികള്‍ക്ക് താരം മറുപടി നല്‍കിയത്. ‘വൃത്തികെട്ട അഭ്യൂഹങ്ങള്‍ക്ക് സ്ഥാനമില്ല. സുരക്ഷിതരായിരിക്കൂ. നല്ലതുവരട്ടെ’- എന്ന കുറിപ്പിനൊപ്പമാണ് മലൈകയ്‌ക്കൊപ്പമുള്ള മിറര്‍ ചിത്രം താരം പങ്കുവച്ചത്.
പോസ്റ്റിന് താഴെ ലവ് ഇമോജിയുമായി മലൈകയും എത്തി. നിരവധി സുഹൃത്തുക്കളും ആരാധകരുമാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. നടന്‍ അര്‍ബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് മലൈക അര്‍ജുനുമായി പ്രണയത്തിലാകുന്നത്. 98ലാണ് അർബാസും മലൈകയും വിവാഹിതരാകുന്നത്. 2016ലാണ് അർബാസുമായി വേർപിരിയുന്നത്. അര്‍ബാസിനും മലൈകയ്ക്കും 18 വയസുള്ള മകനുണ്ട്.
പിന്നീട് അർജനും മലൈകയും പൊതുവേദികളില്‍ ഒരുമിച്ചെത്താന്‍ തുടങ്ങിയതോടെയാണ് ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചയാകുന്നത്. 2019ൽ സാമൂഹിക മാധ്യമങ്ങൾ വഴി ഇരുവരും പ്രണയം തുറന്ന് പറയുകയും ചെയ്തു. ഇരുവരുടെയും പ്രായവ്യത്യാസവും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. 48കാരിയാണ് മലൈക, 36 വയസാണ് അർജുന്. ഇത് സംബന്ധിച്ച് അടുത്തിടെ ഉയർന്ന ആക്ഷേപങ്ങൾക്ക് അതിരൂക്ഷമായ ഭാഷയിൽ അർജുൻ പ്രതികരിച്ചിരുന്നു.
തൻ്റെ പ്രണയവും സ്വകാര്യ ജീവിതവും തൻ്റെ വ്യക്തി സ്വാതന്ത്രമാണെന്നും ആരുടെ വയസ് എത്രയാണ് എന്നതിനെ കുറിച്ച് മറ്റുള്ളവർ വിഷമിക്കേണ്ടതില്ലെന്നും പ്രായം നോക്കി ഒരു പ്രണയ ബന്ധത്തെ വിലയിരുത്തുന്നത് വിഡ്ഡിത്തമാണെന്നുമാണ് അർജുൻ പ്രതികരിച്ചത്. അടുത്തിടെയാണ് മലൈകയും അര്‍ജുനും മാലിദ്വീപിലേക്ക് അവധി ആഘോഷിക്കാന്‍ പോയത്. അതിൻ്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഒന്നിച്ചുള്ള ചിത്രത്തിനൊപ്പമാണ് ഇരുവരും പുതുവത്സരാശംസകള്‍ നേര്‍ന്നത്.