റിയാദ്:റിയാദില്‍ അന്താരാഷ്ട്ര ഖനിജ സമ്മേളനത്തിന് തുടക്കമായി. ‘ധാതുക്കളുടെ ഭാവി’ എന്ന തലക്കെട്ടില്‍ റിയാദ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ സൗദി വ്യവസായ ധാതുവിഭവ മന്ത്രി ബന്ദര്‍ ബിന്‍ ഇബ്രാഹിം അല്‍ഖുറൈഫ് ഉദ്ഘാടനം ചെയ്തു. ധാതുനിക്ഷേപങ്ങളാല്‍ സൗദി അറേബ്യ സമ്പന്നമാണെന്നും ഖനന മേഖലയ്ക്ക് സംഭാവന നല്‍കാനുള്ള മികച്ച അവസരമാണ് ഇവിടെയുള്ളതെന്നും മന്ത്രി പറഞ്ഞു.
വ്യവസായാഭിവൃദ്ധിയും ശുദ്ധമായ ഊര്‍ജ്ജവും പൂജ്യം കാര്‍ബണ്‍ പുറന്തള്ളലും എന്നീ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിന് ആഗോളതലത്തില്‍ തന്നെ ഖനിജ വസ്തുക്കളുടെ ആവശ്യം ഏറെ വര്‍ധിച്ചിട്ടുണ്ട്. ഇതിന് തക്ക ഖനന നിര്‍വഹണം ഒരു വെല്ലുവിളിയാണ്. ഭരണകൂടങ്ങള്‍, നിക്ഷേപകര്‍, ധനകാര്യ സ്ഥാപനങ്ങള്‍, സേവന ദാതാക്കള്‍, നിര്‍മാതാക്കള്‍ തുടങ്ങിയ പങ്കാളികളെ ഒരുമിച്ച് കൊണ്ടുവന്ന് ഖനന മേഖലയുടെ ഭാവി ആവശ്യങ്ങളോട് പ്രതികരിക്കാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. അതിനാണ് ‘ധാതുക്കളുടെ ഭാവി’ എന്ന ഈ സമ്മേളനം.
ഭാവിയിലെ ഒരു റോഡ്‌മാപ്പ് വരയ്ക്കുന്നതിനും അവര്‍ക്കിടയില്‍ സഹകരണത്തിനൊരു വേദിയുണ്ടാക്കുന്നതിനും വേണ്ടിയാണിത്. സുപ്രധാന ഖനിജ വസ്തുക്കളുടെ വിതരണത്തില്‍ സംഭാവന നല്‍കാനും ഖനന മേഖലയില്‍ നിന്ന് പ്രയോജനം നേടാനും ഈ മേഖലയിലെ രാജ്യങ്ങളില്‍ ഒരു പ്രധാന സാമ്പത്തിക പ്രേരകമാകാനുള്ള മികച്ച അവസരം സൗദിക്കുണ്ട്.
പര്യവേക്ഷണം വര്‍ധിപ്പിക്കുക, മതിയായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക, ഗുണമേന്മയുള്ള നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക തുടങ്ങിയ ആവശ്യങ്ങളെ നേരിടുന്നതോടൊപ്പം അവസരം മുതലെടുക്കാനും വിവിധ രാജ്യങ്ങളിലെ ഖനനത്തിന്‍റെ സുസ്ഥിര വികസനത്തിന് ഊന്നല്‍ നല്‍കാനും ലക്ഷ്യമിടാമെന്ന് മന്ത്രി പറഞ്ഞു.
ലോകത്തിലെ ഖനന മേഖലയുടെ പ്രാധാന്യം, കോവിഡിന് ശേഷമുള്ള സാമ്ബത്തിക വീണ്ടെടുപ്പില്‍ അതിന്റെ സ്വാധീനം, വ്യവസായങ്ങളുടെ ഭാവിയില്‍ അതിന്റെ നിര്‍ണായക സ്വാധീനം എന്നിവ സംബന്ധിച്ച് ബോധവല്‍കരണം ആവശ്യമായ സാഹചര്യത്തിലാണ് ഇങ്ങനെയൊരു സമ്മേളനം നടക്കുന്നത്. പശ്ചിമേഷ്യ, മധ്യേഷ്യ, പശ്ചാത്യ മേഖല, ആഫ്രിക്ക എന്നിവിടങ്ങളിലെ ധാതുനിക്ഷേപങ്ങളും ഖനനവും അതുമായി ബന്ധപ്പെട്ട വ്യവസായങ്ങളും സംബന്ധിച്ച സാധ്യതകള്‍ ഉയര്‍ത്തിക്കാട്ടുകയും സമ്മേളനത്തിന്‍റെ ലക്ഷ്യമാണ്. ഈ രാജ്യങ്ങള്‍ക്കിടയില്‍ സൗദി അറേബ്യ തന്ത്രപ്രധാനമായ സ്ഥാനമാണ് വഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഖനനമേഖലയിലെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള യാത്രയില്‍ സൗദി ധാതുവിഭവ മന്ത്രാലയത്തിന് നിരവധി നേട്ടങ്ങള്‍ ആര്‍ജ്ജിക്കാനായിട്ടുണ്ട്. രാജ്യത്ത് ഇതുവരെ നല്‍കിയ ഖനന ലൈസന്‍സുകളുടെ എണ്ണം 1,967 ആയി. വിവിധ ധാതു അയിരുകള്‍ പര്യവേക്ഷണം ചെയ്യുന്നതിനും കണ്ടെത്തുന്നതിനും നല്‍കിയ ലൈസന്‍സുകളാണിവ. ഇതില്‍ 25 ശതമാനവും 2021-ല്‍ നല്‍കിയതാണ്. പര്യവേക്ഷണത്തിന് ആവശ്യമായ പിന്തുണയും സഹായവും നല്‍കുക, ഖനന വ്യവസായങ്ങളില്‍ എക്സലന്‍സ് കേന്ദ്രം സ്ഥാപിക്കുക തുടങ്ങിയ നിരവധി സംരംഭങ്ങള്‍ക്കായി മന്ത്രാലയം പ്രവര്‍ത്തിച്ചുവരികയാണ്. 2030-ഓടെ ജി.ഡി.പിയില്‍ ഖനന മേഖലയുടെ സംഭാവന 17 ശതകോടി ഡോളറില്‍ നിന്ന് 64 ശതകോടി ഡോളറായി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നതായും മന്ത്രി കൂട്ടിചേർത്തു.