ദുബായ്: വേതന സംരക്ഷണ നിയമം കര്‍ശനമായി പാലിക്കണമെന്ന് രാജ്യത്തെ സ്ഥാപനങ്ങള്‍ക്ക് മാനവ വിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.ജീവനക്കാരുടെ ശമ്പളം ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റണമെന്ന് സ്വകാര്യ കമ്പനികളെ മന്ത്രാലയം ഓര്‍മിപ്പിച്ചു. ഇല്ലെങ്കില്‍ പിഴ ശിക്ഷ ലഭിക്കും. നിശ്ചിത തീയതികളില്‍ തന്നെ വേതന സംരക്ഷണ സംവിധാനം വഴി ശമ്പളം കൈമാറ്റം ചെയ്യണം.
സ്വകാര്യ മേഖലയിലെ കമ്പനികള്‍ യു എ ഇയിലെ ഏതെങ്കിലും അംഗീകൃത ധനമിടപാട് സ്ഥാപനത്തില്‍ അക്കൗണ്ട് തുറക്കണം. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ തൊഴിലുടമ ബേങ്കിനെയോ ഏജന്റിനെയോ അധികാരപ്പെടുത്തുന്നു. തുടര്‍ന്ന് ബേങ്ക് ജീവനക്കാരന്റെ അക്കൗണ്ടിലേക്ക് ശമ്പളം കൈമാറ്റം ചെയ്യുന്നു.ശമ്പളം നല്‍കുന്നതില്‍ കാലതാമസം വരുത്തുകയും നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്ന കമ്പനികള്‍ക്ക് അധികാരികള്‍ പിഴ ചുമത്തും.
‘ചുമതലകള്‍ നിര്‍വഹിക്കുന്ന തൊഴിലാളിയുടെ പ്രതിബദ്ധതക്ക് പകരമായി വേതനം തൊഴിലാളിയുടെ അവകാശമാണ്. ഇത് ഉറപ്പാക്കാന്‍ മന്ത്രാലയം ശ്രമിക്കുന്നു,’ മന്ത്രാലയത്തിലെ ഇന്‍സ്പെക്ഷന്‍ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മുഹൈര്‍ അല്‍ ഉബൈദ് പറഞ്ഞു. 2009-ല്‍ നിലവില്‍ വന്ന ഈ സംവിധാനം യഥാസമയം വേതനം ഉറപ്പാക്കുന്നു. കൃത്യസമയത്ത് കൂലി നല്‍കുന്നതിന്റെ ഫലമായി തൊഴിലാളികളുടെ ഉത്പാദനക്ഷമത വര്‍ധിക്കും. വേതന സംരക്ഷണവുമായി ബന്ധപ്പെട്ട് 2016ലെ മന്ത്രിതല ഉത്തരവ് നമ്പര്‍ 739 അനുസരിച്ച്, മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കമ്ബനികളും ഡബ്ല്യു പി എസ് സബ്‌സ്‌ക്രൈബ് ചെയ്ത് ഈ സംവിധാനം വഴി ശമ്പളം നല്‍കണം.
നിശ്ചിത തീയതിയുടെ പത്ത് ദിവസത്തിനുള്ളില്‍ വേതനം കൈമാറ്റം ചെയ്യപ്പെടാത്തത് വൈകിയുള്ള പിഴക്കാധാരമായി കണക്കാക്കുന്നു. ശമ്ബള കൈമാറ്റം ഒഴിവാക്കാന്‍ ഒരു കമ്പനി തെറ്റായ ഡാറ്റ സമര്‍പ്പിച്ചാല്‍, ഓരോ തൊഴിലാളിയെയും കണക്കാക്കി 5,000 ദിര്‍ഹം പിഴയും നിരവധി ജീവനക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പരമാവധി 50,000 ദിര്‍ഹം പിഴയും ബാധകമാണ്. യഥാസമയം ശമ്പളം നല്‍കിയില്ലെങ്കില്‍ ഓരോ തൊഴിലാളിക്കും 1,000 ദിര്‍ഹമെന്ന കണക്കിന് പിഴയുണ്ട്.