ബംഗളൂരു: ഐഎസ്ആർഒ ചെയർമാൻ സ്ഥാനത്തേക്ക് വീണ്ടും മലയാളി. വിക്രം സാരാഭായ് സ്പേസ് സെന്റർ മേധാവി ഡോ. എസ് സോമനാഥിനെ ഐഎസ്ആർഒ ചെയർമാനായി നിയമിച്ചു.
ഡോ.കെ ശിവന് വിരമിക്കുന്ന ഒഴിവിലാണ് സോമനാഥ് ചുമതലയേല്‍ക്കുന്നത്. എം.ജി.കെ മേനോന്, കെ കസ്തൂരിരംഗന്‍, മാധവന് നായര്‍, രാധാകൃഷ്ണന് എന്നിവരാണ് ഇതിന് മുമ്പ് ഈ പദവിയിലെത്തിയ മലയാളികള്‍.
ആലപ്പുഴ തുറവൂര്‍ സ്വദേശിയായ സോമനാഥ് നേരത്തെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. റോക്കറ്റ് സാങ്കേതിക വിദ്യയിലും രൂപകല്പനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലുമുള്ള മികവാണ് ഡോ. സോമനാഥിന്റെ നേട്ടത്തിന് പിന്നില്‍.
കൊല്ലം ടികെഎം കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിടെക്കും ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐഐഎസ്സി) നിന്ന് എയ്റോസ്പേസ് എഞ്ചിനീയറിംഗിൽ സ്വർണമെഡലോടെ ബിരുദാനന്തര ബിരുദവും നേടി.
1985ൽ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിൽ ചേരുകയും പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ (പിഎസ്എൽവി) പദ്ധതിയുടെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമാവുകയും ചെയ്തു.
ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ആദ്യ വിക്ഷേപണത്തിന് തടസമായ ക്രയോജനിക് എൻജിനിലെ തകരാർ പരിഹരിച്ചത് മെക്കാനിക്കൽ എൻജിനീയറിംഗ് വിദഗ്ധനായ സോമനാഥായിരുന്നു.
2018ലാണ് സോമനാഥ് വിഎസ്എസ്സി ഡയറക്ടർ ആയത്. ജിഎസ്എൽവി മാർക്ക് 3 ഉൾപ്പെടെയുള്ള വിക്ഷേപണ വാഹനങ്ങൾക്കു രൂപം നൽകിയത് സോമനാഥിന്റെ നേതൃത്വത്തിലാണ്.