തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലെ മാവേലി സ്റ്റോറുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങളുടെ വാടക അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. മാവേലി സ്റ്റോറുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന കാര്യങ്ങള്‍ പുതുതായി ആരംഭിക്കുന്ന മാവേലിസ്റ്റോറുകള്‍ക്ക് കെട്ടിടം കണ്ടെത്തുന്ന നടപടി തുടങ്ങിയവ മോണിറ്റര്‍ ചെയ്യാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം ഉണ്ടായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മാവേലി സ്റ്റോറുകളുടെ നടത്തിപ്പുകാരായ സപ്ലൈകോയുമായി ഇത്തരം കാര്യങ്ങള്‍ കൂട്ടായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനും സപ്ലൈകോ ഡിപ്പോ മാനേജര്‍ കണ്‍വീനറുമായുള്ള പഞ്ചായത്ത് തല സമിതി രൂപീകരിക്കും. മാവേലി സ്റ്റോര്‍ പ്രവര്‍ത്തിക്കുന്ന വാര്‍ഡിലെ അംഗവും ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണും സപ്ലൈകോയുടെ ജൂനിയര്‍ മാനേജര്‍, മാവേലി സ്റ്റോര്‍ മാനേജര്‍ എന്നിവരും പഞ്ചായത്ത് സമിതിയിലുണ്ടാവും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാടക നല്‍കുന്ന മാവേലി സ്റ്റോറുകളുടെ പ്രവര്‍ത്തനം കാര്യക്ഷമവും ജനകീയവുമാക്കുന്നതിന് ഈ സമിതി ഇടപെടല്‍ നടത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാടക നല്‍കി പ്രവര്‍ത്തിക്കുന്ന മാവേലി സ്റ്റോറുകളില്‍ അതാത് തദ്ദേശ ഭരണ പ്രദേശത്തെ കുടുംബശ്രീ യൂണിറ്റുകളുടെയും സംരംഭങ്ങളുടെയും ഉല്‍പ്പനങ്ങളും ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ഉത്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളും വില്‍പ്പന നടത്തുവാനുള്ള സൗകര്യം ഒരുക്കുമെന്നും ഇത്തരം മാവേലി സ്റ്റോറുകളില്‍ നിയോഗിക്കുന്ന താല്‍ക്കാലിക ജീവനക്കാരെ കുടുംബശ്രീ സി ഡി എസുകള്‍ മുഖേന തെരഞ്ഞെടുക്കുമെന്നും മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.