തിരുവനന്തപുരം: ട്രഷറി വകുപ്പിന് സബ് ട്രഷറി കെട്ടിടം നിര്‍മ്മിക്കുന്നതിനായി ആലക്കോട് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പത്ത് സെന്റ് ഭൂമി സൗജന്യമായി വിട്ടുനല്‍കാന്‍ തീരുമാനമായെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.
ആലക്കോട് സബ്ട്രഷറി നിര്‍മ്മാണത്തിനായി ട്രഷറി ഡയറക്ടര്‍ 2020ല്‍ ഭരണാനുമതി നല്‍കി എങ്കിലും അനുയോജ്യമായ സ്ഥലം ലഭ്യമായിരുന്നില്ല. സ്ഥലം സൗജന്യമായി ലഭിക്കുന്നതിന് ആലക്കോട് പഞ്ചായത്തിന് നേരത്തെ കത്തും നല്‍കിയിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പ് വിട്ടുനല്‍കുന്ന ഭൂമി റവന്യു വകുപ്പില്‍ നിലനിര്‍ത്തി, സേവന വകുപ്പായ ട്രഷറി വകുപ്പിന് കൈവശാവകാശം വിട്ടുനല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി. പ്രദേശത്തെ ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമാണ് ഈ തീരുമാനത്തിലൂടെ സാക്ഷാത്കരിക്കുന്നതെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.