ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നെഹ്വാളിനെതിരായ വിവാദ പരാമർശത്തിൽ മാപ്പുപറഞ്ഞ് നടന്‍ സിദ്ധാർഥ്. ട്വീറ്റ് കണ്ടപ്പോൾ എനിക്കുണ്ടായ ദേഷ്യമോ പ്രതികരണമോ ഒന്നും ആ പരാമർശത്തിന് ന്യായീകരണമായി പറയാൻ കഴിയില്ലെന്ന് സിദ്ധാർഥ് പറഞ്ഞു. കൂടാതെ താൻ ഉദ്ദേശിച്ച അർഥത്തിലല്ല വാക്കുകളെ വ്യാഖ്യാനിച്ചതെന്നും അതിന് മാപ്പ് ചോദിക്കുന്നതായും സിദ്ധാർഥ് കുറിച്ചു.
താനെഴുതിയ മോശം തമാശയ്ക്ക് മാപ്പുപറയാനാഗ്രഹിക്കുന്നു എന്നുപറഞ്ഞാണ് സിദ്ധാര്‍ത്ഥ് കുറിപ്പ് തുടങ്ങുന്നത്. നിരവധി പേര്‍ ആരോപിക്കുന്ന തരത്തിലുള്ള ദുരുദ്ദേശങ്ങളൊന്നും ആ ട്വീറ്റില്‍ ഇല്ലായിരുന്നു. താനും കടുത്ത ഫെമിനിസ്റ്റ് തന്നെയാണ്. ഒരു സ്ത്രീയെന്ന നിലയില്‍ സൈനയെ ആക്രമിക്കാനുള്ള ഉദ്ദേശമില്ലായിരുന്നു. ഈ പ്രശ്‌നം അവസാനിപ്പിക്കാം. ഈ കത്ത് സ്വീകരിക്കുമെന്ന് കരുതുന്നുവെന്നും സൈന എന്നും തൻ്റെ ചാമ്പ്യന്‍ ആയിരിക്കുമെന്നും സിദ്ധാര്‍ത്ഥ് ട്വിറ്ററില്‍ പങ്കുവെച്ച കത്തില്‍ പറയുന്നു.
സിദ്ധാർത്ഥിൻ്റെ കുറിപ്പ്:
‘പ്രിയപ്പെട്ട സൈന, ദിവസങ്ങൾക്ക് മുമ്പ് നിങ്ങളുടെ ട്വീറ്റിന് മറുപടിയായി ഞാൻ നൽകിയ ക്രൂരഫലിതത്തിന് മാപ്പ് പറയുന്നു. നിരവധി കാര്യങ്ങളിൽ നിങ്ങളുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അതൊന്നും ട്വീറ്റ് കണ്ടപ്പോൾ എനിക്കുണ്ടായ ദേഷ്യത്തിനോ പ്രതികരണത്തിനും സ്വരത്തിനോ ഒന്നും ന്യായീകരണമായി പറയാൻ കഴിയില്ല. വിശദീകരിക്കപ്പെടേണ്ടിവരുന്നവ തമാശകൾ അല്ലെന്ന് പറയാറില്ലേ. ആ തമാശ ശരിയായി സ്വീകരിക്കപ്പെടാത്തതിൽ ഞാൻ മാപ്പ് ചോദിക്കുന്നു. മറ്റുള്ളവർ പറയുന്നതുപോലെ മോശം അർഥത്തിലല്ല ആ പരമാർശം ഉപയോഗിച്ചത്. ഫെമിനിസ്റ്റ് ആശയങ്ങൾക്കൊപ്പം നിൽക്കുന്നയാളാണ് ഞാൻ. ഒരു സ്ത്രീയെന്ന നിലയിൽ നിങ്ങളെ അപമാനിക്കാൻ എന്‍റെ ട്വീറ്റിലൂടെ ശ്രമിച്ചിട്ടില്ല. എന്‍റെ മാപ്പ് സ്വീകരിക്കുമെന്നും വിവാദം മറന്ന് നമുക്ക് മുന്നോട്ടുപോകാനാകുമെന്നും പ്രതീക്ഷിക്കുന്നു. സത്യമായും നിങ്ങൾ എന്നുമെന്‍റെ ചാമ്പ്യനാണ്. സത്യസന്ധതയോടെ’ -സിദ്ധാർഥ് ട്വീറ്റ് ചെയ്തു.
Dear @NSaina pic.twitter.com/plkqxVKVxY
— Siddharth (@Actor_Siddharth) January 11, 2022
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതീവസുരക്ഷാ വാഹനവ്യൂഹം പഞ്ചാബിലെ ഫിറോസ്പുരില്‍ കര്‍ഷകര്‍ തടഞ്ഞസംഭവത്തില്‍ സൈന ട്വീറ്റ് ചെയ്തിരുന്നു. സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷ പോലും ഉറപ്പില്ലാത്ത ഒരു രാജ്യം എങ്ങനെയാണ് സുരക്ഷിതമാണെന്ന് അവകാശപ്പെടുകയെന്നായിരുന്നു സൈന ട്വീറ്റ് ചെയ്തത്. ഒരുകൂട്ടം ഭീരുക്കളായ അരാജകവാദികള്‍ നടത്തിയ ആക്രമണത്തെ കടുത്തഭാഷയില്‍ അപലപിക്കുന്നുവെന്നും അവര്‍ എഴുതിയിരുന്നു.
ഈ ട്വീറ്റിന് സിദ്ധാര്‍ത്ഥ് കുറിച്ച മറുപടിയിലെ ഒരു വാക്കാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്. വ്യാപകമായ പ്രതിഷേധമാണ് ഇതേത്തുടര്‍ന്ന് സിദ്ധാര്‍ത്ഥിനെതിരെ ഉയര്‍ന്നുവന്നത്. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ, നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍, ബാഡ്മിന്റണ്‍ താരവും സൈനയുടെ ഭര്‍ത്താവുമായ പി കശ്യപ് തുടങ്ങി നിരവധി പേര്‍ പ്രതിഷേധവുമായെത്തി.
No nation can claim itself to be safe if the security of its own PM gets compromised. I condemn, in the strongest words possible, the cowardly attack on PM Modi by anarchists.#BharatStandsWithModi #PMModi
— Saina Nehwal (@NSaina) January 5, 2022
നടനെന്ന നിലയിൽ സിദ്ധാർഥിനെ ഇഷ്ടപ്പെട്ടിരുന്നുവെന്നും എന്നാൽ ഈ പരാമർശം മോശമായിപോയെന്നുമായിരുന്നു സൈനയുടെ പ്രതികരണം. ഇതിനുപിന്നാലെ പ്രതികരണവുമായി സിദ്ധാർഥ് തന്നെ രംഗത്തെത്തിയിരുന്നു. താൻ ഉപയോഗിച്ച വാക്ക് മോശം രീതിയിൽ വ്യാഖ്യാനിക്കരുതെന്നും കെട്ടുകഥ എന്ന അർഥത്തിലാണ് ഉപയോഗിച്ചതെന്നുമായിരുന്നു സിദ്ധാർഥിന്‍റെ വിശദീകരണം.
വിഷയത്തിൽ വനിതാ കമ്മീഷന്‍ സിദ്ധാര്‍ത്ഥിനെതിരെ രംഗത്തെത്തിയിരുന്നു. താരത്തിനെതിരെ നോട്ടീസ് അയക്കുകയും ചെയ്തു. സൈനക്കെതിരായ ട്വീറ്റിൽ ലൈംഗിക ചുവയുള്ള വാക്ക് ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. സിദ്ധാർഥിന്‍റെ ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ കമ്മീഷൻ അധ്യക്ഷ രേഖ ശർമ ട്വിറ്ററിനോട് ആവശ്യപ്പെട്ടു. സിദ്ധാർഥിന്‍റെ അക്കൗണ്ട് നിലനിർത്തുന്നത് എന്തിനാണെന്ന് രേഖ ശർമ ട്വിറ്ററിനോട് ചോദിച്ചു. കൂടാതെ വിഷയത്തിൽ അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്യാൻ മഹാരാഷ്ട്ര ഡിജിപിക്ക് നിർദേശം നൽകുകയും ചെയ്തു.