തിരുവനന്തപുരം: കോവിഡ് ജാഗ്രത നിലനിൽക്കെ തിരുവനന്തപുരത്ത് അഞ്ഞൂറിലേറെ പേർ പങ്കെടുത്ത സമൂഹ തിരുവാതിര (Thiruvathira) സംഘടിപ്പിച്ച് സിപിഎം (CPM). ജനുവരി 14 മുതൽ 16 വരെ നടക്കുന്ന ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചായിരുന്നു ചെറുവാരക്കോണം സിഎസ്ഐ സ്കൂൾ ഗ്രൗണ്ടിൽ മെഗാ തിരുവാതിര സംഘടിപ്പിച്ചത്. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്, എംഎൽഎ സി.കെ.ഹരീന്ദ്രന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയുള്ള തിരുവാതിര കളി.അഞ്ഞൂറ്റി അൻപതോളം പേരാണ് പങ്കെടുത്തത്.
കോവിഡ്, ഒമിക്രോൺ വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ സിപിഎം സമ്മേളനങ്ങൾ നടത്തുന്നതിനെതിരേ വിമർശനങ്ങൾ ഉയർന്നിരുന്നു. അതിനിടെയാണ് അഞ്ഞൂറിലധികം സ്ത്രീകളെ അണിനിരത്തിയുള്ള തിരുവാതിര പരിപാടി സംഘടിപ്പിച്ചത്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ആൾക്കൂട്ടങ്ങൾക്ക് കർശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വിവാഹ-മരണ ചടങ്ങുകളിൽ പങ്കെടുക്കാവുന്നത് പരാമവധി 50 പേരായി ചുരുക്കി. പൊതുപരിപാടികൾ ഓൺലൈനാക്കണം, പൊതുയോഗങ്ങൾ കഴിവതും ഒഴിവാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു .