അമേരിക്കയുടെ ഏറ്റവും ക്രൂരവും നിന്ദ്യവും അനീതിയുടെ വിളനിലവുമായ ഇടം, അതാണ് ഗ്വാണ്ടനാമോ ജയിൽ. ആധുനിക കാലത്തെ ഏറ്റവും വലിയ മനുഷ്യാവകാശ വിരുദ്ധ ഇടമായ ഇവിടം അമേരിക്കയുടെ അഭിമാന പ്രദേശം കൂടിയായിരുന്നു. എന്നാൽ ഗ്വാണ്ടനാമോ ബേയുടെ 20-ാം വാർഷികത്തിൽ, ഈ യുഎസ് സൈനിക തടങ്കൽ കേന്ദ്രം അടച്ചു പൂട്ടണമെന്ന ആവശ്യം ശക്തമാവുകയാണ്.
2002-ൽ ക്യൂബയിലെ ഒരു അമേരിക്കൻ സൈനിക താവളത്തിൽ അന്നത്തെ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷിന്റെ ഭരണകൂടം സ്ഥാപിച്ച ജയിലായിരുന്നു ഗ്വാണ്ടനാമോ. വേൾഡ് ട്രേഡ് സെന്റർ തകർത്ത 9/11 ന് ശേഷമുള്ള അമേരിക്കയുടെ ഭീകരതയ്‌ക്കെതിരായ യുദ്ധത്തിൽ പിടിക്കപ്പെടുന്ന തടവുകാർക്ക് വേണ്ടിയാണ് ഗ്വാണ്ടനാമോ ജയിൽ സ്ഥാപിച്ചത്.
കരീബിയൻ ദ്വീപിലെ അമേരിക്കൻ ഉടമസ്ഥതയിലുള്ള ഒരു എൻക്ലേവിലാണ് ജയിലിന്റെ സ്ഥാനം. യുദ്ധ തടവുകാരെ ജയിലിലടക്കുമ്പോൾ പാലിക്കേണ്ട അന്തർദേശീയ നിയമങ്ങളുടെയും തടവുകാരുടെ അവകാശങ്ങളെയും കാറ്റിൽപറത്തി ഉണ്ടാക്കിയെടുത്ത ഒരു ജയിൽ. നിയമവാഴ്ചയ്ക്ക് പുറത്തുള്ള ദുരുപയോഗത്തിന്റെയും അനീതിയുടെയും സ്ഥലമായാണ് ജയിൽ കുപ്രസിദ്ധി നേടിയത്.
ജയിൽ അടച്ചുപൂട്ടുമെന്ന് നിലവിലെ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വാഗ്ദാനം ചെയ്തിട്ടുണ്ട്, എന്നാൽ ഗ്വാണ്ടനാമോയിൽ പുതിയതും രഹസ്യവുമായ കോടതിമുറിയുടെ നിർമ്മാണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ബൈഡന്റെ വാക്ക് വെറും വാക്ക് ആകുമെന്നാണ് നിലവിലെ ആശങ്ക. കഴിഞ്ഞ ഒരു വർഷത്തിനിടെ ജയിലിൽ നിന്ന് ഒരു സ്ഥലംമാറ്റം മാത്രമാണ് ഉണ്ടായത്.
ഒരുകാലത്ത് ഏകദേശം 800 തടവുകാരെ പാർപ്പിച്ചിരുന്ന ജയിലിൽ ഇപ്പോൾ 39 തടവുകാരുണ്ട്, 13 പേരുടെ കൈമാറ്റത്തിന് ഇതിനകം പ്രതിഷേധങ്ങളെ തുടർന്ന് അനുമതി നൽകിയിട്ടുണ്ട്. മിക്കവരെയും ഔപചാരികമായ കുറ്റം ചുമത്താതെയാണ് തടവിലാക്കിയിരിക്കുന്നത്.
ഗ്വാണ്ടനാമോയുടെ ക്രൂരതയെ കുറിച്ച് മുൻ തടവുകാരൻ മൻസൂർ അദയ്ഫി അൽ ജസീറയോട് പറഞ്ഞത് ഇങ്ങനെയാണ്:
14 വർഷത്തിലേറെ കാലം അദയ്ഫി ജയിലിൽ കഴിഞ്ഞിരുന്നു, അവിടെ താൻ പീഡനവും അപമാനവും ദുരുപയോഗവും സഹിച്ചുവെന്ന് അദ്ദേഹം പറയുന്നു. യെമൻ സ്വദേശിയായ അദയ്‌ഫി അഫ്ഗാനിസ്ഥാനിൽ ഗവേഷണം നടത്തുമ്പോൾ, 18-ആം വയസ്സിലാണ് അദ്ദേഹത്തെ അഫ്ഗാൻ പോരാളികൾ തട്ടിക്കൊണ്ടുപോയത്. തുടർന്ന് അൽ-ഖ്വയ്‌ദയിലേക്ക് കൂടുതൽ ആളുകളെ റിക്രൂട്ട് ചെയ്യുന്നയാളാണെന്നാരോപിച്ച് അദ്ദേഹത്തെ സിഐഎയ്ക്ക് കൈമാറി.
എന്നാൽ, മനുഷ്യത്വരഹിതമായ നടപടികൾ നേരിട്ടപ്പോഴും, അഗ്നിപരീക്ഷകളിലൂടെ കടന്ന് പോയപ്പോഴും അദ്ദേഹം തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ശ്രമത്തിലായിരുന്നു. തുടർന്ന് 2016-ൽ അദ്ദേഹത്തെ സെർബിയയിലേക്ക് വിട്ടയച്ചു, അവിടെ ഗ്വാണ്ടനാമോ അടച്ചുപൂട്ടുന്നതിനും തടവുകാർക്ക് നീതി ഉറപ്പാക്കുന്നതിനും വേണ്ടി അദ്ദേഹം പ്രവർത്തിച്ചു.
“ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനങ്ങളിലൊന്നാണ് ഗ്വാണ്ടനാമോ,” ഡോണ്ട് ഫോർഗെറ്റ് അസ് ഹിയർ: ലോസ്റ്റ് ആൻഡ് ഫൗണ്ട് അറ്റ് ഗ്വാണ്ടനാമോ എന്ന തലക്കെട്ടിൽ കഴിഞ്ഞ വർഷം ഒരു ഓർമ്മക്കുറിപ്പ് പുറത്തിറക്കിയ അദയ്ഫി പറയുന്നു. അമേരിക്കൻ നീതിന്യായ വ്യവസ്ഥയോടും ജനങ്ങളോടുമുള്ള ദുരുപയോഗത്തിന്റെ പാതയാണ് ഗ്വാണ്ടനാമോ ജയിൽ. ഗ്വാണ്ടനാമോ ആർക്കും ഒരു നീതിയും നേടി കൊടുത്തിട്ടില്ല. 9/11 ഇരകൾക്കോ, അമേരിക്കക്കാർക്കോ, തടവുകാർക്കോ ആർക്കും നീതി നൽകാൻ ഗ്വാണ്ടനാമോക്ക് കഴിഞ്ഞില്ല.
പീഡനവും അന്യായമായ തടങ്കലും സംബന്ധിച്ച തന്റെ സ്വന്തം അനുഭവത്തിൽ, ഗ്വാണ്ടനാമോ അടച്ചുപൂട്ടുന്നതിലൂടെയും അവിടെ നടന്ന ദുരുപയോഗങ്ങളെയും നിയമ നടപടികളെയും കുറിച്ചുള്ള രഹസ്യം അവസാനിപ്പിക്കുന്നതിലൂടെയും നീതിയിലേക്കുള്ള പാത ആരംഭിക്കുമെന്ന് അദയ്ഫി പറഞ്ഞു.
ഗ്വാണ്ടനാമോ 20 വർഷത്തെ അനീതി, പീഡനം, ദുരുപയോഗം, നിയമരാഹിത്യം, അടിച്ചമർത്തൽ എന്നിവയെ പ്രതിനിധീകരിക്കുന്നുവെന്ന് പറയുമ്പോൾ മൻസൂർ അദയ്ഫി വ്യക്തിപരമായ അനുഭവത്തിൽ നിന്നാണ് സംസാരിക്കുന്നത് എന്നത് ഓർക്കണം.
അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയന്റെ (ACLU) നാഷണൽ സെക്യൂരിറ്റി പ്രൊജക്റ്റ് ഡയറക്ടറും “ഭീകരതയ്‌ക്കെതിരായ യുദ്ധ”ത്തോടൊപ്പമുള്ള പൗരാവകാശ ലംഘനങ്ങളുടെ ഒരു പ്രമുഖ വിമർശകയുമായ ഹിന ഷംസി ഗ്വാണ്ടനാമോ ബേ ജയിലിനെ നിയമപരവും ധാർമ്മികവുമായ പരാജയം” എന്ന് വിശേഷിപ്പിക്കുന്നു.
അമേരിക്കൻ അനീതിയുടെയും പീഡനത്തിന്റെയും നിയമവാഴ്ചയോടുള്ള അവഗണനയുടെയും ആഗോള പ്രതീകമാണിത്. ഷംസി പറയുന്നു. ഗ്വാണ്ടനാമോ അടച്ചുപൂട്ടുമെന്ന തന്റെ പ്രചാരണ വാഗ്ദാനത്തിന് ബൈഡൻ ഉത്തരവാദിയാണെന്നും കൂട്ടിച്ചേർത്തു.
“വർഷങ്ങളായി കൈമാറ്റത്തിന് അനുമതി ലഭിച്ചവരിൽ തുടങ്ങി, കുറ്റം ചുമത്താതെ അനിശ്ചിതകാലത്തേക്ക് തടവിലാക്കപ്പെട്ട തടവുകാരെ മാറ്റണം. 9/11 കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടതുപോലെ, സുതാര്യതയും നീതിയും ഇനിയെങ്കിലും അവർക്ക് നൽകണം. അവർ അനുഭവിച്ച പീഡനത്തിന് പരിഹാരമാകില്ലെങ്കിലും അവർക്ക് നഷ്ടപരിഹാരം നൽകണം. തകർന്നതും ഭരണഘടനാ വിരുദ്ധവുമായ സൈനിക കമ്മീഷനുകൾ മാറ്റാൻ ബൈഡൻ ഭരണകൂടം തയ്യാറാകണം. അവർ പറഞ്ഞു.
“മനുഷ്യാവകാശങ്ങൾ, വംശീയ സമത്വം, നീതി എന്നിവ ഉയർത്തിപ്പിടിക്കുന്ന കാര്യത്തിൽ പ്രസിഡന്റ് ബൈഡൻ ഗൗരവമുള്ളയാളാണെങ്കിൽ ഗ്വാണ്ടനാമോ അടച്ചുകൊണ്ട് അദ്ദേഹം നടപടിയെടുക്കേണ്ടതുണ്ട്. – അവർ കൂട്ടിച്ചേർത്തു.
ഗ്വാണ്ടനാമോയുടെ പാരമ്പര്യം ‘ഇസ്ലാമോഫോബിയയും പീഡനത്തിനുള്ള ശിക്ഷാവിധിയുമാണ് എന്ന് ആംനസ്റ്റി ഇന്റർനാഷണൽ പ്രതിനിധി ഡാഫൻ ഏവിയേറ്റർ പറയുന്നു. ഗ്വാണ്ടനാമോ 20 വർഷമായി തുറന്നുകിടക്കുന്നു എന്നത് “വളരെ അസ്വസ്ഥമാക്കുന്ന കാര്യമാണെന്നും ആംനസ്റ്റി ഇന്റർനാഷണൽ യുഎസ്എയിലെ സെക്യൂരിറ്റി വിത്ത് ഹ്യൂമൻ റൈറ്റ്‌സ് പ്രോഗ്രാമിന്റെ ഡയറക്ടർ ആയ അദ്ദേഹം പറയുന്നു.
അമേരിക്ക ജയിൽ അടച്ചുപൂട്ടാനും തടവുകാരെ അവരുടെ മനുഷ്യാവകാശങ്ങൾ മാനിക്കപ്പെടുന്ന സ്ഥലങ്ങളിലേക്ക് മാറ്റാനും ഗ്വാണ്ടനാമോയിൽ നടന്ന ദുരുപയോഗങ്ങൾ അംഗീകരിച്ച് നഷ്ടപരിഹാരം നൽകാനും തയ്യാറാകുന്നതുവരെ, ഗ്വാണ്ടനാമോ ബേയിലെ യുഎസ് ജയിലിന്റെ പാരമ്പര്യം തുടരും. നഗ്നമായ മനുഷ്യാവകാശ ലംഘനങ്ങൾ, വംശീയത, ഇസ്‌ലാമോഫോബിയ എന്നിവ മുഖമുദ്രയാക്കിയ ഈ ജയിലിന്റെ പ്രവർത്തനം അമേരിക്ക ഉടൻ അവസാനിപ്പിക്കേണ്ടതുണ്ട്.