തിരുവനന്തപുരം: സംസ്ഥാനത്ത് കേരള പൊലീസ് നടത്തിയ ഓപറേഷൻ കാവൽ റെയ്ഡിൽ ഇതുവരെ പിടിയിലായത് 13,032 ഗുണ്ടകള്‍. 215 പേര്‍ക്കെതിരെ കേസെടുത്തു. ഡിസംബര്‍ 18 മുതല്‍ ജനുവരി ഒൻപതുവരെയുളള കണക്കാണിത്. പോലീസ് സംസ്ഥാനവ്യാപകമായി 16,680 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. 5,987 മൊബൈല്‍ ഫോണുകള്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച 61 പേരുടെ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിച്ചതായും പൊലീസ് ഇൻഫർമേഷൻ സെന്ററിൽ നിന്ന് അറിയിച്ചു.
ഏറ്റവും കൂടുതല്‍ ഗുണ്ടകള്‍ അറസ്റ്റിലായത് തിരുവനന്തപുരം റൂറലിലാണ്, 1506 പേര്‍. ആലപ്പുഴയില്‍ 1322 പേരും കൊല്ലം സിറ്റിയില്‍ 1054 പേരും പാലക്കാട് 1023 പേരും അറസ്റ്റിലായി. കാസർകോട് 1020 പേരും പിടിയിലായി. ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതും തിരുവനന്തപുരം റൂറലില്‍ നിന്നാണ്, 1103 എണ്ണം. ഗുണ്ടകള്‍ക്കെതിരെ നടത്തിവരുന്ന റെയ്ഡുകള്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് നിര്‍ദ്ദേശം നല്‍കി.
കഴിഞ്ഞ രണ്ട് മാസത്തിനിടെ തിരുവനന്തപുരത്ത് നടന്നത് 21 ഗുണ്ടാ ആക്രമങ്ങളാണ്. ഗുണ്ടാ നിയമം നോക്കുകുത്തിയായതും പൊലീസിന്‍റെ കെടുകാര്യസ്ഥതയുമാണ് തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടങ്ങള്‍ കൂടാൻ കാരണം. കേരളത്തിന്‍റെ തലസ്ഥാനം ഗുണ്ടകളുടെ തലസ്ഥാനമായി മാറുന്ന നിലയാണ്. ഗുണ്ടകളെ അമര്‍ച്ച ചെയ്യണ്ട പൊലിസ് നോക്കുകുത്തിയായി നിൽക്കുമ്പോൾ ഭീതിയോടെയാണ് ജനം കഴിയുന്നത്.