തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി-ലിറ്റ് നിഷേധിച്ച് കൊണ്ട് ഗവര്‍ണ്ണര്‍ക്ക് നല്‍കിയ കത്ത് സമ്മര്‍ദ്ദം കൊണ്ട് എഴുതിയെന്ന് സമ്മതിച്ച് കേരള സർവ്വകലാശാല വിസി. മനസ് പതറുമ്പോള്‍ കൈവിറച്ച് പോകുന്ന സാധാരണത്വം ഒരു കുറവായി കാണുന്നില്ലെന്നാണ് വി പി മഹാദേവൻ പിള്ള പ്രസ്താവനയില്‍ വിശദീകരിച്ചത്.
‘ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിങ്ങും തെറ്റാതിരിക്കാൻ ഞാൻ പരമാവധി ജാഗരൂകനാണ്. മനസ്സ് പതറുമ്പോൾ കൈവിറച്ചുപോകുന്ന സാധരണത്വം ഒരു കുറവായി കാണുന്നില്ല. ഗുരുഭൂതൻമാരുടെ നല്ല പാഠങ്ങൾ ഉൾക്കൊള്ളാൻ പരമാവധി ശ്രദ്ധിക്കാറുണ്ട്. കൂടുതൽ പ്രതികരണത്തിനില്ല’- വി.സി പറഞ്ഞു.
രാഷ്ട്രപതിക്ക് ഡീ ലിറ്റ് നൽകേണ്ടെന്ന് സിൻഡിക്കേറ്റ് തീരുമാനിച്ചതായി അറിയിച്ച് വി.സി നേരത്തെ ഗവർണർക്ക് കത്തയച്ചിരുന്നു. കത്തിലെ ഭാഷ കണ്ട് ഞെട്ടിപ്പോയെന്നായിരുന്നു ഗവർണറുടെ പ്രതികരണം. ഇതിന് പരോക്ഷ മറുപടിയാണ് വി.സിയുടെ വാർത്താക്കുറിപ്പ്.
രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാനുള്ള ശുപാർശ തള്ളിയെന്ന് ഗവർണ്ണർ പരസ്യമായി സ്ഥിരീകരിച്ചിരുന്നു. പുറത്തുനിന്നുള്ള നിർദ്ദേശം കൊണ്ടാണ് സിന്റിക്കേറ്റ് യോഗം വിളിക്കാതെ ശുപാർശ തള്ളേണ്ടിവന്നതെന്ന് കേരള വിസി അറിയിച്ചെന്നും ഗവർണ്ണർ വെളിപ്പെടുത്തി. ശുപാർശ തള്ളിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിനെ വിളിച്ചെങ്കിലും സംസാരിക്കാനായില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ചാൻസിലറുടെ ശുപാർശ ധിക്കരിച്ച് എഴുതിയ കത്തിലെ ഭാഷ അത്യന്തം ലജ്ജാകരമെന്ന് പറഞ്ഞ് കേരള വിസിക്കെതിരെ ഗവർണ്ണർ തുറന്നടിച്ചിരുന്നു.